1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2024

സ്വന്തം ലേഖകൻ: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 60 വയസും അതിനുമുകളിലും പ്രായമുള്ള പ്രവാസി ഉപദേഷ്ടാക്കളുടെ കരാര്‍ പുതുക്കുന്നത് അവസാനിപ്പിക്കാന്‍ കുവൈത്തിലെ മന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനം. ഇതിന് സിവില്‍ സര്‍വീസ് കൗണ്‍സിലിന് യോഗം നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ തൊഴിലാളികളെ പുനസംഘടിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രിമാരുടെ കൗണ്‍സില്‍ അറിയിച്ചു. നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനമാണിത്.

കഴിഞ്ഞ മെയ് മാസത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കുന്ന ശക്തമായ സ്വദേശിവല്‍ക്കരണ നീക്കത്തിന്റെ ഭാഗമായാണ് നടപടി. അടുത്ത വര്‍ഷം മാര്‍ച്ച് 31നു മുമ്പായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന 60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികളുടെയും സേവനം അവസാനിപ്പിക്കാനാണ് തീരുമാനം. ഇതനുസരിച്ച് പ്രവാസി ഉപദേഷ്ടാക്കളുടെ അവസാന പ്രവൃത്തി ദിവസം 2025 മാര്‍ച്ച് 31 ആയിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ തീരുമാനം അന്തിമമാണെന്നും ഇതില്‍ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങളോ ഇളവുകളോ ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഈ പുതിയ നയത്തിന്റെ ഭാഗമായി സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെടുന്ന പ്രവാസി ഉപദേഷ്ടാക്കള്‍ക്ക് പെന്‍ഷന്‍, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ലെന്ന വ്യവസ്ഥയും തീരുമാനത്തില്‍ ഉള്‍പ്പെടുന്നു. 60 വയസ്സ് എന്ന പ്രായപരിധി ഒരു വിധത്തിലുള്ള ഇളവും കൂടാതെ നടപ്പിലാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതിന്റെ സ്വഭാവം എന്തായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇവര്‍ക്ക് സാധാരണ രീയിലുള്ള പെന്‍ഷനും ബോണസിനും അര്‍ഹതയില്ലാത്തതിനാല്‍ ഇവര്‍ക്കേ മറ്റേതെങ്കിലും രീതിയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. ഇക്കാര്യം വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് അവയുടെ സഹകരണത്തോടെ നടപ്പിലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകളെല്ലാം സ്വദേശികള്‍ക്ക് നല്‍കുകയെന്ന സ്വദേശിവല്‍ക്കരണ നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ അനിവാര്യമായ മേഖലകളില്‍ മാത്രമേ പ്രവാസികളെ നിലനിര്‍ത്തേണ്ടതുള്ളൂ എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. വരും നാളുകളില്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനുള്ള തീരുമാനമായി മുന്നോട്ടുപോവുകയാണ് കുവൈത്ത് സര്‍ക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.