1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2021

സ്വന്തം ലേഖകൻ: കുവൈത്തിലെ ബിരുദ യോഗ്യതയില്ലാത്ത 60 വയസ്സ് പിന്നിട്ട പ്രവാസികളുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഒക്ടോബര്‍ 27ന് ബുധനാഴ്ച ഉണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട് ചേരുന്ന മാന്‍പവര്‍ അതോറിറ്റിയുടെ നിര്‍ണായക യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

60 കഴിഞ്ഞവരില്‍ ബിരുദമില്ലാത്ത പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ലെന്ന് നേരത്തേ മാന്‍പവര്‍ അതോറിറ്റി കൈക്കൊണ്ട തീരുമാനം നിയമവിരുദ്ധമാണെന്ന് കുവൈത്ത് മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ ആന്റ് ലെജിസ്ലേറ്റീവ് കമ്മിറ്റി ഇതിനിടെ വ്യക്തമാക്കിയിരുന്നു. പ്രവാസികളുടെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അതോറിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

പത്വ കമ്മിറ്റിയുടെ തീരുമാനത്തിനു ശേഷം ചേരുന്ന അതോറിറ്റിയുടെ ആദ്യ യോഗമാണ് ബുധനാഴ്ച നടക്കുക. 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന വിവാദ ഉത്തരവ് അതോറിറ്റി യോഗം ഔദ്യോഗികമായി പിന്‍വലിക്കുമെന്നാണ് സൂചന. നിലവില്‍ വിസ പുതുക്കാനാവാതെ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അതിനിടെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇഖാമ പുതുക്കാന്‍ ചെറിയ ഫീസ് ചുമത്തണമെന്നും പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ 2000 ദിനാര്‍ ഫീസ് നല്‍കണമെന്നായിരുന്നു നിബന്ധന. മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ആയി പുതുതായി നിയമിതയായ ഇമാന്‍ ഹസന്‍ ഇബ്രാഹിം അല്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള ആദ്യയോഗം ഇക്കാര്യത്തിലും തീരുമാനമെടുക്കും.

വിസ പുതുക്കി നല്‍കില്ലെന്ന വിവാദ തീരുമാനം ശരിയല്ലെന്ന് ഫത്വ കമ്മിറ്റി തീരുമാനിച്ച സാഹചര്യത്തില്‍ മുന്‍ ഡയറക്ടര്‍ അഹ്‌മദ് മൂസയെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇമാന്‍ ഹസന്‍ ചുമതലയേറ്റത്. ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന വിവാദ തീരുമാനത്തെ തുടര്‍ന്ന് വിസ പുതുക്കാനാവാതെ നാട്ടിലേക്ക് തിരിച്ച ആയിരക്കണക്കിന് പ്രവാസികളുടെ കാര്യത്തില്‍ എടുക്കേണ്ട നിലപാടും ബുധനാഴ്ച ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.