![](https://www.nrimalayalee.com/wp-content/uploads/2021/06/Kuwait-Iqama-Renewal-Expats-above-60.jpg)
സ്വന്തം ലേഖകൻ: ഒരു വര്‍ഷത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ വിരാമമായി. കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാം. ആരോഗ്യ ഇന്‍ഷൂറന്‍സും 500 ദിനാര്‍ വാര്‍ഷിക ഫീസുമാണ് നിബന്ധന. കുവൈത്ത് വ്യവസായ, വാണിജ്യ മന്ത്രിയും പബ്ലിക് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനുമായ അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അതോറിറ്റിയുടെ ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇതോടെ കുവൈത്തിലെ 60 കഴിഞ്ഞ പതിനായിരക്കണക്കിന് പ്രവാസികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമമായി.
രാജ്യത്തെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ഓഗറ്റിലാണ് മാന്‍ പവര്‍ അതോറിറ്റി ബിരുദമില്ലാത്ത പ്രവാസി ജീവനക്കാരുടെ നിലവിലെ വിസ കാലാവധി കഴിഞ്ഞാല്‍ അത് പുതുക്കി നല്‍കേണ്ടതില്ലെന്ന വിവാദ തീരുമാനം കൈക്കൊണ്ടത്. 2021 ജനുവരി മുതല്‍ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ ഉത്തരവിനു പിന്നാലെ അതിനെതിരായ എതിര്‍പ്പുകളും ശക്തമാവുകയായിരുന്നു.
രാജ്യത്തെ പ്രമുഖ വ്യക്തികള്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിയമം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നു. ദീര്‍ഘ കാലത്തെ പ്രവൃത്തി പരിചയമുള്ളവരുടെ വിസ പുതുക്കാതിരിക്കുന്നത് രാജ്യത്തെ ഉല്‍പ്പാദമൃന പ്രക്രിയയെ സാരമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തി വിസ പുതുക്കാന്‍ അനുമതി നല്‍കിയെങ്കിലും പ്രതിഷേധം തുടർന്നു.
ഈ പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ച് പരിശോധിക്കാന്‍ നിയമോപദേശ സമിതിക്ക് കാബിനറ്റ് നിര്‍ദ്ദേശം നല്‍കിയത്. വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കാന്‍ മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ക്ക് അധികാരമില്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍.
അതുകൊണ്ടുതന്നെ 60 കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വിസ പുതുക്കരുതെന്ന അതോറിറ്റിയുടെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നും അത് റദ്ദാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഇതേത്തുടര്‍ന്ന് വിവാദ തീരുമാനം കൈക്കൊണ്ട അതോറിറ്റി ഡയരക്ടറെ മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാന്‍ പവര്‍ അതോറിറ്റി ഡയരക്ടര്‍ ബോര്‍ഡ് യോഗം ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി നേരത്തേ കൈക്കൊണ്ട് 2020ലെ 520 നമ്പര്‍ തീരുമാനം റദ്ദാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
അതേസമയം, കുവൈത്തില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സിന് 500 മുതല്‍ 700 വരെ ദിനാര്‍ ചെലവ് വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുപ്രകാരം വിസ പുതുക്കാന്‍ 1200 ദിനാര്‍ വരെ 60 കഴിഞ്ഞവര്‍ക്ക് ചെലവ് വരും. 60 കഴിഞ്ഞവര്‍ക്ക് ഉണ്ടാകാവുന്ന വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വലിയ ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ക്ക് കുവൈത്തില്‍ നിന്നുള്ള ഇന്‍ഷൂറന്‍സ് ഏജന്‍സികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്ലാത്ത പക്ഷം ചികില്‍സാ, ആരോഗ്യ സംരക്ഷണ ചെലവുകള്‍ കുവൈത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതിലൂടെ അവയുടെ ചെലവുകള്‍ കമ്പനികള്‍ വഹിച്ചുകൊള്ളും എന്നതിനാലാണിത്. അതോടൊപ്പം നേരത്തേ ചുമത്തിയ 2000 ദിനാര്‍ ഫീസ് എന്നത് 500 ദിനാറാക്കി കുറയ്ക്കാനും ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
അതേസമയം, വിസ പുതുക്കി നല്‍കുന്നതിനുള്ള വിലക്ക് പിന്‍വലിക്കുന്നതിന്റെ ആനുകൂല്യം ഈ കാലയളവില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയവര്‍ക്ക് ലഭിക്കില്ല. നിലവില്‍ കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. നിയമം നിലവില്‍ വന്ന 2021 ജനുവരി ഒന്നു മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയില്‍ മാത്രം 4013 പേര്‍ വിസ പുതുക്കാനാവാതെ കുവൈത്ത് വിട്ടതായാണ് കണക്കുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല