![](https://www.nrimalayalee.com/wp-content/uploads/2021/01/Kuwait-Expat-Population-Work-Permit-Renewal-expats-over-60.jpg)
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് മുമ്പില്‍ പുതിയ പ്രതിസന്ധിയുമായി ബാങ്കുകള്‍. വിസ പുതുക്കാനാവാതെ സിവില്‍ ഐഡി കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ക്ക് ബാങ്ക് അക്കൗണ്ട് കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന നിയമമാണ് ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. വിസ കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ ആലോചിക്കുകയാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അന്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇങ്ങനെ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുന്നതോടെ അവര്‍ക്ക് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനോ വീട്ടിലേക്കും മറ്റും പണം അയക്കാനോ സാധിക്കാത്ത സ്ഥിതി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വിസ പുതുക്കാനാവാതെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് പ്രവാസികളുടെ ജീവിതം ദുരിതത്തിലാക്കും. ബാങ്ക് അക്കൗണ്ട് വഴി മാത്രം നടത്താവുന്ന പണമിടപാടുകളുടെ കാര്യത്തിലാവും ഏറ്റവും വലിയ വെല്ലുവിളി.
വിസ കാലാവധി തീരുന്നതോടെ കുവൈത്ത് ഐഡിയുടെ കാലാവധിയും തീരുമെന്നതാണ് ബാങ്കുകള്‍ നേരിടുന്ന പ്രശ്നം. കുവൈത്ത് ഐഡിയില്ലാത്തവര്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ല. ഇത് ബാങ്കുകളെയും പ്രവാസികളെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വിസ പുതുക്കാനാവാത്ത പ്രവാസികള്‍ക്ക് താത്ക്കാലികമായി നല്‍കുന്ന മൂന്ന് മാസത്തെ വിസയുള്ളവരുടെ കാര്യത്തില്‍ ഇതേ നിലപാട് തന്നെയാണോ ബാങ്കുകള്‍ കൈക്കൊള്ളുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസമാണ് 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് താത്ക്കാലിക വിസ അനുവദിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, താത്ക്കാലിക വിസയിലുള്ളവര്‍ക്ക് കുവൈത്ത് ഐഡി ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. ഇവരുടെ വിസ പുതുക്കി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതു വരെ താത്ക്കാലിക വിസ സമ്പ്രദായം തുടരുമെന്നാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
2021 ജനുവരി ഒന്നു മുതലാണ് കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ വിലക്കേര്‍പ്പെടുത്തിയത്. വയോജനങ്ങളായ പ്രവാസികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്നത് പൊതു ഖജനാവിന് ബാധ്യതയാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അതോറിറ്റിയുടെ തീരുമാനം.
എന്നാല്‍, ഈ തീരുമാനം വിവേചനപരമാണെന്നും ആയുസ്സിന്റെ പ്രധാന ഭാഗവും കുവൈത്തില്‍ ചെലവിട്ട പ്രവാസികളോട് ഈ രീതിയില്‍ പെരുമാറുന്നത് അനീതിയാണെന്നും കാണിച്ച് പലരും രംഗത്ത് വന്നിരുന്നു. തീരുമാനത്തിനെതിരായ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭയ്ക്കു കീഴിലെ ഫത് വ കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു. കമ്മിറ്റിയാവട്ടെ, മാന്‍ പവര്‍ അതോറിറ്റിയുടെ തീരുമാനം നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ഫത് വ കമ്മിറ്റിയുടെ തീരുമാനം പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും വിസ പുതുക്കലിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒരു വര്‍ഷം തികയുമ്പോഴും പിന്‍വലിച്ചിട്ടില്ല. 500 ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസും 500 ദിനാര്‍ ഫീസും ഏര്‍പ്പെടുത്തി വിസ പുതുക്കാന്‍ അനുവദിക്കുന്ന കാര്യം മാന്‍പവര്‍ അതോറിറ്റി ആലോചിച്ചുവെങ്കിലും അക്കാര്യത്തിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഇതിന് നിയമ പരമായ തടസ്സമില്ലെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് അനിശ്ചിതമായി വൈകുകയായിരുന്നു. അതിനിടയിലാണ് താത്ക്കാലികമായി മൂന്നു മാസത്തേക്ക് വിസ പുതുക്കാന്‍ അധികൃതര്‍ അനുവാദം നല്‍കിയിരിക്കുന്നത്. അതേസമയം, ഈ താത്ക്കാലിക വിസയില്‍ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് വന്നാല്‍ തിരികെ പോവാനാവില്ല എന്ന വ്യവസ്ഥയുള്ളതിനാല്‍ പ്രവാസികള്‍ പ്രതിസന്ധിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല