1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2022

സ്വന്തം ലേഖകൻ: 60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കാനുള്ള കുവൈത്ത് തീരുമാനത്തില്‍ ആഹ്‌ളാദം പങ്കുവച്ച് പ്രവാസികള്‍. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമായതിന്റെ സന്തോഷത്തിലാണ് ആയുസ്സിന്റെ ഭൂരിഭാഗവും കുവൈത്തില്‍ ചെലവഴിച്ച 60 കഴിഞ്ഞ പ്രവാസികള്‍. എസ്എസ്എല്‍സിയോ പ്രീഡിഗ്രിയോ കഴിഞ്ഞ് ബിരുദ പഠനത്തിന് ചേരാതെ ഗള്‍ഫെന്ന മോഹവുമായി ചെറു പ്രായത്തില്‍ തന്നെ കുവൈത്തിലെത്തിയവരാണ് ഇവരില്‍ ഏറെ പേരും. പ്രവാസികളെ ചേര്‍ത്തുപിടിക്കുന്ന പുതിയ തീരുമാനത്തില്‍ അധികൃതരോട് നന്ദി പറയുകയാണ് പ്രവാസികള്‍.

അതേസമയം, 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ വീണ്ടും അനുമതി നല്‍കിയ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗ തീരുമാനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് അസീല്‍ അല്‍ മസീദ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

അത് പൂര്‍ത്തിയാവുന്ന മുറയ്ക്ക് 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കല്‍ നടപടികള്‍ മാന്‍പവര്‍ അതോറിറ്റി പുനരാരംഭിക്കും. അതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതിയും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഉടന്‍ പുറത്തിറക്കുമെന്നും പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയരക്ടര്‍ കൂടിയായ അവര്‍ അറിയിച്ചു. കുവൈത്ത് സ്വദേശിയായ സ്ത്രീയുടെ മക്കള്‍, കുവൈത്തില്‍ ജനിച്ച പ്രവാസികള്‍, ഫലസ്തീന്‍ പൗരത്വം ഉള്ളവര്‍ എന്നീ വിഭാഗങ്ങളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഫീസ് പുതുക്കാന്‍ നാമമാത്രമായ 10 കുവൈത്ത് ദിനാര്‍ മാത്രം നല്‍കിയാല്‍ മതിയാവും. വാര്‍ഷിക ഇന്‍ഷൂറന്‍സ് ഫീസായി 50 ദിനാറും നല്‍കണം.

250 ദിനാര്‍ വാര്‍ഷിക വിസ പുതുക്കല്‍ ഫീസും 500 ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് തുകയും ഉള്‍പ്പെടെ 750 ദിനാര്‍ അഥവാ 1.85 ലക്ഷം രൂപ വിസ പുതുക്കാന്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും പുതിയ നീതിന്യായ വകുപ്പ് മന്ത്രിയുമായ ജമാല്‍ അല്‍ ജലാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഒരു ലക്ഷത്തിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമായത്.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 60 കഴിഞ്ഞ പ്രവാസികളില്‍ ബിരുദ യോഗ്യത ഇല്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കുന്നതിന് അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രവാസികള്‍ പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നീട് 2000 ദിനാര്‍ അഥവാ അഞ്ച് ലക്ഷത്തോളം രൂപ ഫീസ് നല്‍കിയും 500 ദിനാറിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സും നിബന്ധന വച്ച് വിസ പുതുക്കാന്‍ അവസരം നല്‍കിയിരുന്നുവെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ജീവിതം നയിക്കുന്ന പ്രവാസികള്‍ക്ക് ഇത് അസാധ്യമായിരുന്നു.

തുടര്‍ന്ന് വിസ പുതുക്കാനാവാതെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് കുവൈത്തില്‍ നിന്ന് നാടുകളിലേക്ക് തിരിച്ചുപോയത്. അതേസമയം, 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കി നല്‍കാനുള്ള തീരുമാനം കുവൈത്ത് തൊഴില്‍ കമ്പോളത്തിനും അതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും പുത്തന്‍ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍.

സാങ്കേതിക ജ്ഞാനവും തൊഴില്‍ നൈപുണ്യവും പരിശീലനവും ആവശ്യയമാ ടെക്ക്‌നിക്കല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് രാജ്യത്തെ 60 കഴിഞ്ഞ പ്രവാസികളില്‍ ഏറെയും. അവരില്‍ പലരും നാലു പതിറ്റാണ്ടിലേറെ കാലം കുവൈത്തില്‍ തൊഴില്‍ പരിശീലനം നേടിയവരാണ്. അതോടൊപ്പം മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പുകള്‍, വ്യവസായ ശാലകള്‍, കരകൗശല മേഖലകള്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരുമാണ് ഇവരിലേറെയും. വിസ പുതുക്കാന്‍ കഴിയാത്തതിനാല്‍ മികച്ച അനുഭവ സമ്പത്തുള്ള ഇവരെ ജോലിക്കെടുക്കാന്‍ സാധിക്കാത്തത് രാജ്യത്തെ വ്യാപാര, വ്യവസായ മേഖലകളില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. പുതിയ തീരുമാനം പ്രവാസികള്‍ക്കെന്ന പോലെ ഇത്തരം സ്ഥാപനങ്ങള്‍ക്കും വലിയ ആശ്വാസമാണ്.

അതേസമയം, വിസ പുതുക്കുന്നത് വിലക്കിക്കൊണ്ടുള്ള മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനത്തെ തുടര്‍ന്ന് വിസയ പുതുക്കാനാവാതെ നാട്ടിലേക്ക് മടങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. നിലവില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ 250 ദിനാര്‍ നല്‍കി വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.

ഇങ്ങനെ അര ലക്ഷത്തിലേറെ പ്രവാസികള്‍ വിസ പുതുക്കാനുള്ള തീരുമാനം നടപ്പിലാവുന്നതും കാത്ത് കുവൈത്തില്‍ ഉണ്ടെന്നാണ് കണക്കുകള്‍. അതേസമയം, മറ്റ് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 500 ദിനാര്‍ നല്‍കി പുതിയ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചു. പക്ഷെ, ആ ഇന്‍ഷൂറന്‍സ് കമ്പനി കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.