![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Expats-above-60-Visa-Renewal.png)
സ്വന്തം ലേഖകൻ: കുവൈത്ത് തൊഴിൽ വിപണിയിൽ 60 വയസ്സിന് മുകളിലുള്ള 68,000ലധികം പ്രവാസികൾ ഉണ്ടെന്ന് റിപ്പോർട്ട്. 60 വയസ്സിനു മുകളിലുള്ള 5000ത്തിലധികം പേർ പൊതുമേഖലയിൽ ജോലിചെയ്യുന്നു. ഇവരിൽ 3643 പേർ 60നും 64നും ഇടയിൽ പ്രായമുള്ളവരാണ്, 1397 പേർ 65 വയസ്സിനു മുകളിലുള്ളവരും. സ്വകാര്യ മേഖലയിലെ 63000 പേരിൽ 36,700 പേർ 60 മുതൽ 64 വയസ്സുവരെയുള്ളവരും 26,200 പേർ 65 വയസ്സിനു മുകളിലുള്ളവരുമാണ്.
250 ദീനാർ അധിക ഫീസും 500 ദീനാർ ഇൻഷുറൻസ് ഫീസും നൽകി ബിരുദമില്ലാത്ത 60 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ നൽകിയ അവസരം ഉപയോഗപ്പെടുത്തുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. ഇന്‍ഷുറന്‍സ് തുക 500 കുവൈത്ത് ദീനാറായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. ഡോക്യുമെന്റേഷന് പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2.5 ദീനാറും ഓഫിസ് ജോലികള്‍ക്കും മറ്റുമുള്ള സര്‍വിസ് ചാര്‍ജായ ഒരു ദീനാറുമടക്കം ആകെ അടക്കേണ്ട തുക 503.5 ദീനാർ ആയിരിക്കും. 250 ദീനാർ അധിക നിരക്ക് ഇതിന് പുറമെ നൽകണം.
റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികപേരും തൊഴിലെടുക്കുന്നത്. കുറഞ്ഞ ശമ്പളക്കാരായ ഇത്തരക്കാർക്ക് 250 ദീനാർ വാർഷിക ഫീസ് പോലും വലിയ ഭാരമാണ്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസിന് വേണ്ട വലിയ തുക കൂടി മുടക്കി എത്രപേർക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ കഴിയുമെന്ന് കണ്ടറിയണം. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആയപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടിവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല