സ്വന്തം ലേഖകൻ: കുവൈത്തില്‍ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ ബയോമെട്രിക് രജിസ്ട്രേഷന് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സന്ദർശകർ META പ്ലാറ്റ്ഫോം വഴിയോ അഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റോ വഴിയോ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കുവൈത്തില്‍ നിന്നും പുറത്തേക്ക് പോകുന്നതിന് ബയോമെട്രിക് രജിസ്ട്രേഷന് നിര്‍ബന്ധമില്ല.
വിദേശികള്‍ക്ക് അലി സബാഹ് അൽ-സാലം , ജഹ്റ എന്നീവടങ്ങളിലും കുവൈത്തികള്‍ക്കും ജിസിസി പൗരന്മാർക്കു ഹവല്ലി,ഫർവാനിയ,അഹമ്മദി,മുബാറക് അൽകബീർ,ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റുകളിലാണ് ബയോമെട്രിക് സൗകര്യം ഒരുക്കിയിട്ടുള്ളത്. രാവിലെ 8:00 മുതൽ രാത്രി 8:00 വരെ ആയിരിക്കും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിനിടെ രാജ്യത്ത് സുരക്ഷ പരിശോധന തുടരുന്നു. വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച വിവിധ രാജ്യക്കാരായ 140 പേരെ റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ പിടികൂടി. നിരവധി ഹോട്ടലുകളിലും പരിശോധന നടത്തി.
പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായവരിൽ കൂടുതൽ. നിയമ ലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ നാടു കടത്തല്‍ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല