സ്വന്തം ലേഖകൻ: അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമായിവരുന്ന പ്രവാസികൾക്ക് ഇനി പണം മുടക്കേണ്ടിവരും. രക്ത നൽകുന്ന സേവനങ്ങൾക്ക് താമസക്കാരും സന്ദർശകരും ഉൾപ്പെടെയുള്ള പ്രവാസികളിൽനിന്ന് ഫീസ് ഈടാക്കാൻ ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി നിർദേശം പുറപ്പെടുവിച്ചു.
ശനിയാഴ്ച പുറത്തിറക്കിയ പുതിയ തീരുമാനങ്ങൾ അനുസരിച്ച് വിദേശികളിൽ നിന്ന് രക്തം നൽകുന്നതിന് ആവശ്യമായ ഓരോ ബ്ലഡ് ബാഗിനും റെസിഡൻസി വിസയുള്ള പ്രവാസിയിൽനിന്ന് 20 ദീനാർ ഈടാക്കും. സന്ദർശന വിസയിൽ എത്തുന്ന പ്രവാസിക്ക് ഓരോ ബാഗിനും 40 ദീനാർ ആയിരിക്കും പുതിയ ഫീസ്. അതേസമയം, രക്തദാതാക്കളെ കണ്ടെത്തുന്ന രോഗികൾക്ക് ഫീസ് നൽകേണ്ടതില്ല.
രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട 37 ലാബ് പരിശോധനകൾക്കും പ്രവാസികളിൽ നിന്ന് ഫീസ് ഈടാക്കും. റെസിഡൻസി വിസയിലുള്ള പ്രവാസികൾക്ക് 15 ദീനാർ വരെയും സന്ദർശകർക്ക് കുറഞ്ഞത് അഞ്ചു ദീനാറും 70 ദീനാറിനും ഇടയിലുമായിരിക്കും ഫീസ്. പ്രവാസികൾക്ക് നൽകുന്ന മറ്റ് ആരോഗ്യസേവനങ്ങൾക്കും അടുത്തിടെ സർക്കാർ പുതിയ നിരക്കു നിശ്ചയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാർ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാർ എന്നിങ്ങനെ പ്രവാസികൾക്ക് മരുന്നുകൾക്ക് പുതിയ നിരക്കു നിലവിൽ വന്നു. ഇതോടെ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ പ്രവാസികൾക്ക് പരിശോധനക്കും മരുന്നിനുമായി ഏഴു ദീനാർ ചെലവഴിക്കണം. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 20 ദീനാറും ചെലവുവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല