സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസികൾക്കും റെസിഡൻസ് ഫ്‌ളാറ്റ് ഉൾപ്പെടെ സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിനായി സർക്കാർ ഒരു പഠന സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
രാജ്യത്ത് ഇതുവരെയുള്ള താമസ കാലത്തിനിടയിൽ ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെടാത്ത പ്രവാസികൾക്കായിരിക്കും റിയൽ എസ്റ്റേറ്റിൽ നിക്ഷേപം ഇറക്കാൻ അവസരം ലഭിക്കുക. പ്രവാസിക്കും കുടുംബത്തിനും താമസിക്കുന്നതിനുള്ള 350 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള ഫ്‌ളാറ്റ് സ്വന്തമാക്കാനാണ് അവസരം. ഒരാൾക്ക് കുവൈത്തിൽ ഒന്നിലധികം ഫ്‌ളാറ്റുകൾ സ്വന്തമാക്കാനാവില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ കുവൈത്തിൽ താമസിക്കുന്ന അറബ് വംശജരായ വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ അനുമതിയുണ്ട്. മന്ത്രിസഭയുടെ പ്രത്യേക അനുമതിക്ക് വിധേയമായാണിത്. എന്നാൽ പുതിയ തീരുമാനം വരുന്നതോടെ അറബ് രാജ്യക്കാർ അല്ലാത്ത വിദേശികൾക്കും കുവൈത്തിൽ വീട് സ്വന്തമാക്കാൻ അവസരം ഒരുങ്ങും. കാബിനറ്റിന് പകരം നീതിന്യായ മന്ത്രാലയത്തിന്റെ അനുമതിയോടെ ഇത് സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് വിദേശ നിക്ഷേപം പ്രോൽസാഹിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പ്രവാസികൾക്ക് വീട് സ്വന്തമാക്കാൻ അനുമതി നൽകുന്ന കാര്യം ഭരണകൂടം പരിഗണിക്കുന്നത്. പ്രവാസികൾക്ക് സ്വന്തമായി വീട് വാങ്ങാൻ അവസരം ലഭിക്കുന്നതോടെ മറ്റു മേഖലകളിൽ കൂടുതൽ നിക്ഷേപം ഇറക്കാൻ അവർക്ക് പ്രോൽസാഹനമാവും എന്ന വിലയിരുത്തലിലാണ് ഭരണകൂടം.
ഓരോ വർഷവും 20 ബില്യൺ ഡോളറിന്റെ നിക്ഷേപം രാജ്യത്ത് നിന്ന് പുറത്തേക്ക് ഒഴുകുന്നത് വലിയ അളവിൽ നിയന്ത്രിക്കാൻ ഇതോടെ സാധിക്കുമെന്നും അധികൃതർ കരുതുന്നു. നിലവിൽ നാലു ലക്ഷത്തിലേറെ ഫ്‌ളാറ്റുകളുള്ള കുവൈത്തിൽ പ്രതിവർഷം 1000 ഫ്‌ളാറ്റുകൾ മാത്രം പ്രവാസികൾക്കായി നൽകിയാൽ മതിയാകുമെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല