1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2023

സ്വന്തം ലേഖകൻ: മുന്‍ വര്‍ഷങ്ങളില്‍ പ്രവാസികള്‍ക്ക് നല്‍കിയ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം. അനധികൃത മാര്‍ഗങ്ങളിലൂടെ വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ആറ് ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അധികൃതര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

എല്ലാ ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് വകുപ്പുകളുടെ ലൈസന്‍സ് സംബന്ധമായ പഴയ കാലത്തെ ഇലക്ട്രോണിക് ഫയലുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താനാണ് ഉത്തരവ്. മതിയായ യോഗ്യതയില്ലാത്തവര്‍ അനധികൃത മാര്‍ഗങ്ങളിലൂടെ വ്യാപകമായി ലൈസന്‍സ് സമ്പാദിച്ചതായി സൂചന ലഭിച്ചിരുന്നു. ലൈസന്‍സ് ലഭിക്കുന്നതിനുള്ള യോഗ്യത ഇല്ലാതിരുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിച്ചെന്ന് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാര്‍ ശമ്പളവും വേണമെന്നാണ് രാജ്യത്തെ നിയമം. ഇതു കൂടാതെ ബിരുദവും ആവശ്യമാണ്. യോഗ്യതയില്ലാത്തവര്‍ നേടിയ ഡ്രൈവിങ് ലൈസന്‍സുകള്‍ ആറ് ഗവര്‍ണറേറ്റുകളിലും റദ്ദ് ചെയ്‌തേക്കും. ഡ്രൈവിങ് ലൈസന്‍സുകള്‍ മരവിപ്പിച്ച ശേഷം പ്രവാസികളുടെ എല്ലാ ഡ്രൈവിങ് ലൈസന്‍സുകളും പരിശോധിക്കാനാണ് നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അഡ്മിനിസ്‌ട്രേഷന് സറണ്ടര്‍ ചെയ്ത ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.

രാജ്യത്ത് എട്ടു ലക്ഷം പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുണ്ട്. ആറ് ലക്ഷം സ്വദേശികള്‍ ഉള്‍പ്പെടെ 14 ലക്ഷം പേര്‍ക്കാണ് വാഹനമോടിക്കാന്‍ അനുവാദം. രാജ്യത്തെ പൗരന്‍മാരേക്കാള്‍ രണ്ട് ലക്ഷം കൂടുതല്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ളത് വിദേശികള്‍ക്കാണ്. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിന് ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തതായി ഇന്നലെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമില്‍ (പഴയ ട്വിറ്റര്‍) അറിയിച്ചിരുന്നു. ഇതു സംബന്ധമായ കേസില്‍ ഹാജരാകാത്തതിനാല്‍ ഇയാള്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സെര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പ്രതിയെ പിടികൂടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.