സ്വന്തം ലേഖകൻ: കുവൈത്തില്‍ വിവിധ കേസുകളില്‍ അറസ്റ്റിലായ പ്രവാസികളെ കൊണ്ട് നിറഞ്ഞ് രാജ്യത്തെ പോലിസ് സ്റ്റേഷനുകളും ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രവും. നാടുകടത്തല്‍ കേന്ദ്രത്തില്‍ നിയമ നടപടികള്‍ കാത്ത് കഴിയുന്ന പ്രവാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചത് അധികൃതര്‍ക്ക് തലവേദനയായി. രാജ്യത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള സുരക്ഷാ ഏജന്‍സികളുടെ പരിശോധനകള്‍ ശക്തമാക്കുകയും കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെയാണ് ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെട്ടത്. ഇവിടങ്ങളിലെ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ നാടുകടത്തല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.
രാജ്യത്ത് വിസ നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റിലായവരാണ് ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും. നിയമപ്രകാരമുള്ള സ്പോണ്‍സറുടെ കീഴിലല്ലാതെ സ്വന്തം നിലയ്ക്കും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളാണ് പിടിക്കപ്പെട്ടവരില്‍ ഏറെയും. ഈ രീതിയില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെയും കണ്ടെത്താന്‍ ആഭ്യന്തരമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍ നവാഫിന്റെ നിര്‍ദേശപ്രകാരം പോലീസ് സുരക്ഷാ കാമ്പയിന് ശക്തമാക്കിയിരുന്നു.
രാജ്യത്ത് അനധികൃത താമസക്കാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞതായാണ് താമസകാര്യ വകുപ്പിന്റെ കണക്കുകള്‍. ഇതേതുടര്‍ന്നാണ് രാജ്യവ്യാപകമായി പരിശോധനകള്‍ കര്‍ക്കശമാക്കിയത്. ഇതേത്തുടര്‍ന്ന് നടത്തിയ റെയ്ഡുകളില് താമസരേഖകള്‍ ഇല്ലാത്തവരെയും നിരവധി കുറ്റവാളികളെയും പിടികൂടിയിരുന്നു. ഇവരെയെല്ലാം ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് ഡീപ്പോര്‍ട്ടേഷന്‍ കൈമാറിയിരിക്കുകയാണ്.
കുവൈത്തില്‍ ഈ വര്‍ഷം ഇതുവരെ 12,500 പ്രവാസികളെ നാടുകടത്തിയതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ കുറ്റകൃത്യങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും പിടികൂടപ്പെട്ടവരാണ് ഇവര്‍. പ്രതിദിനം 200 പേര് എന്ന തോതില്‍ നിലവില്‍ പ്രവാസികളെ നാടുകത്തുന്നുണ്ടെങ്കിലും ഓരോ ദിവസവും 400 ഓളം പേര് പുതുതായി ജലീബ് അല്‍ ശുയൂഖിലെ ഡിപ്പോര്ട്ടേഷഷന് കേന്ദ്രത്തില്‍ എത്തുന്നതായാണ് കണക്കുകള്‍.
ഇത് കേന്ദ്രം നിറഞ്ഞുകവിയാന്‍ കാരണമാവുന്നു. ഇവിടെ എത്തുന്നവരെ താമസിപ്പിക്കാന്‍ പോലും ആവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. നിലവില്‍ 950 പുരുഷന്മാരും 550 സ്ത്രീകളുമാണ് ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ ഉള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ കേസുകളില്‍ അറസ്റ്റിലായി പോലീസ് ലോക്കപ്പുകളില്‍ കഴിയുന്നവര്‍ക്ക് പുറമെയാണിത്. ഇവരെ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ഇങ്ങനെ നിയമലംഘനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പിടികൂടപ്പെടുന്നവര്‍ക്ക് വീണ്ടും രാജ്യത്തേക്ക് തിരികെ വരാനാവില്ല. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ശേഷമാണ് ഇവരെ നാടുകടത്തുന്നത്. ഇവര്‍ വീണ്ടും രാജ്യത്ത് തിരിച്ചെത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി അവരുടെ വിരലടയാളങ്ങളും മറ്റും ശേഖരിച്ച ശേഷമാണ് നാടുകടത്തുന്നതെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് ഡിപ്പോര്‍ട്ടേഷന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, നാട്ടിലേക്ക് തിരിക്കാന്‍ കൈയില്‍ പണം ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഒരു ആഴ്ചയ്ക്കകം രാജ്യത്ത് നിയമ ലംഘനങ്ങള്‍ക്ക് അറസ്റ്റിലായത് ആയിരത്തിലേറെ പേരാണെന്ന് പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഇവരില്‍ 18 പേര് ഗുരുതരമായ കുറ്റകൃതങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. 222 പേര് തൊഴിലിടങ്ങളില്‍ നിന്ന് ഓടിപ്പോയവരും 432 പേര് താമസ നിയമങ്ങള്‍ ലംഘിച്ചവരും 294 പേര് താമസ രേഖകള്‍ ഇല്ലാത്തവരും 52 പേര് മയക്കുമരുന്ന് ഉപയോഗിച്ചവരും 15 പേര് മദ്യപാനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവരുമാണ്. 43 പേര് മറ്റു കേസുകളിലും പിടിയിലായി.
കഴിഞ്ഞ വെള്ളിയാഴ്ച പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയവരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിഷേധ ധര്‍ണ നടത്തുന്നതിനുള്ള വിലക്ക് ലംഘിച്ച കുറ്റത്തിനായിരുന്നു ഇത്. ഇവരെ കണ്ടെത്താന്‍ രഹസ്യ പോലിസ് അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല