സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി മൂന്നു ലക്ഷത്തിലേറെ പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടമായത് രാജ്യത്തെ വിവിധ മേഖലകളെ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തല്‍. രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഇത് വലിയ ആഘാതമാണ് ഏല്‍പ്പിച്ചതായാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 2021 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ 3,16,700 വിദേശികളുടെ ഇഖാമ റദ്ദാക്കപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അറബ് മേഖലയില്‍ നിന്നുമുള്ളവരാണ് ഇഖാമ നഷ്ടമായവരില്‍ കൂടുതലും.
റിയല്‍ എസ്റ്റേറ്റ് മേഖല, റെസിഡന്‍ഷ്യന്‍- കമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ്, ചെറുകിട വ്യാപാരം, റെസ്റ്റൊറന്റുകള്‍ തുടങ്ങിയ മേഖലകളില്‍ ഇതിന്റെ പ്രതിഫലനം അനുഭവപ്പെട്ടു തുടങ്ങിയതായാണ് വിലയിരുത്തല്‍. ഇവിടങ്ങളില്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്തത് പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പാചകക്കാര്‍, സെയില്‍സ് മേഖലയിലുള്ളവര്‍ തുടങ്ങിയ പ്രത്യേക നൈപുണിയും പരിചയവും ആവശ്യമായ മേഖലകളിലാണ് പ്രവാസികളുടെ അഭാവം ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഈ ജോലികളില്‍ പകരം ആളുകളെ വയ്ക്കാനില്ലാത്ത സ്ഥിതിയാണ്.
ഒരു വര്‍ഷത്തിനകം ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടമായതോടെ പല വീടുകളും താമസക്കാരില്ലാതെ അടഞ്ഞു കിടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ പലതും അടഞ്ഞികിടപ്പാണെന്നും റിയല്‍ എസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഖൈസ് അല്‍ ഗാനിം പറഞ്ഞു. താമസിക്കാന്‍ ആളില്ലാത്തതു കാരണം വീടുകളുടെ വിലയിലും വാടകയിലും വലിയ ഇടിവാണ് കുവൈത്തില്‍ അനുഭവപ്പെടുന്നത്. വില പരമാവധി കുറച്ചുനല്‍കിയാല്‍ പോലും അവ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്.
ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടമായതോടെ രാജ്യത്ത് വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായതായി കുവൈത്ത് സര്‍വകലാശാലയിലെ കോളേജ് കൊമേഴ്‌സ് മുന്‍ ഡീന്‍ ഡോ. സാദിഖ് അല്‍ ബസ്സാം അഭിപ്രായപ്പെട്ടു. പ്രത്യേക തൊഴില്‍ നൈപുണ്യം ആവശ്യമായ മേഖലകളിലുണ്ടായ തൊഴിലാളി ക്ഷാമം തൊഴില്‍ കമ്പോളത്തില്‍ അവരുടെ ഡിമാന്റ് വര്‍ധിക്കാനും അത് വലിയ ശമ്പളം ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. പല തൊഴിലുടമകളും മറ്റ് സ്ഥാപനങ്ങളില്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് അവരെ ജോലിക്കെടുക്കുന്ന സ്ഥിതിയുമുണ്ടായി.
അതേസമയം, കോവിഡ് കാലത്ത് പ്രവാസികളുടെ എണ്ണത്തിലുണ്ടായ കുറവ് വലിയ പ്രതിസന്ധിക്ക് കാരണമായിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനങ്ങളും മറ്റും കഴിവ് കുറഞ്ഞവരും ആവശ്യമില്ലാത്തവരുമായ ജീവനക്കാരെയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്നും അത് രാജ്യത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നുമാണ് ഇവരുടെ പക്ഷം.
മുന്‍ പാര്‍പ്പിടകാര്യ മന്ത്രിയും കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗവുമായ യഹ്യ അല്‍ സുമൈത്ത് ഈ അഭിപ്രായക്കാരനാണ്. രാജ്യത്തെ തൊഴില്‍ കമ്പോളത്തിന് ആവശ്യമില്ലാത്ത തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരെന്നും അവര്‍ പോയതിനാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അത് ദോഷകരമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രവാസികള്‍ക്കൊപ്പം അവരുടെ കുടുംബങ്ങളും രാജ്യം വിട്ടതിനാല്‍ വീട്ടുവാടകയില്‍ വലിയ കുറവുണ്ടായതായും അദ്ദേഹം സമ്മതിച്ചു.
അവധിക്കായി സ്വദേശങ്ങളിലേക്ക് പോയവരില്‍ പലര്‍ക്കും തിരിച്ചെത്താനാവാതിരുന്നതാണ് പലരുടെയും റെസിഡന്‍സ് പെര്‍മിറ്റ് റദ്ദാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കോവിഡ് മൂലം കുവൈറ്റും വിവിധ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ കാരണം ഇവര്‍ക്ക് കുവൈത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. പലയിടങ്ങളിലും ഒരു വര്‍ഷത്തിലേറെ യാത്രാ നിയന്ത്രണങ്ങള്‍ നീണ്ടു.
ആറു മാസത്തിലേറെ കാലം കുവൈത്തിന് പുറത്ത് തങ്ങേണ്ടിവന്നതോടെ വിസ കാലാവധി സ്വാഭാവികമായി അവസാനിക്കുകയും അവരുടെ കുവൈത്തിലേക്കുള്ള തിരിച്ചു വരവ് മുടങ്ങുകയുമായിരുന്നു. കോവിഡ് മൂലം രാജ്യത്തിന് പുറത്ത് കുടുങ്ങിപ്പോയവര്‍ക്ക് ഓണ്‍ലൈനായി റെസിഡന്‍സി പുതുക്കാന്‍ ആഭ്യന്തരമന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നെങ്കിലും വലിയൊരു ശതമാനം ആളുകള്‍ ഇത് പ്രയോജനപ്പെടുത്തിയില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല