സ്വന്തം ലേഖകൻ: ചികില്‍സയ്ക്കായെത്തുന്ന പ്രവാസികളില്‍ നിന്ന് മരുന്നിന് ഫീസ് വാങ്ങാനുള്ള തീരുമാനം കുവൈത്ത് ആരോഗ്യ മന്ത്രാലയം കൈക്കൊണ്ടതിനു പിന്നാലെ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്ന പ്രവാസികളുടെ എണ്ണം പകുതിയിലേറെയായി കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്രവാസി സന്ദര്‍ശകരുടെ എണ്ണം 60 ശതമാനം കണ്ട് കുറഞ്ഞതായാണ് പ്രാദേശിക ദിനപ്പത്രമായ അല്‍ സിയാസ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ദിവസം ശരാശരി 1200ലേറെ പ്രവാസി സന്ദര്‍ശകര്‍ വരാറുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശരാശരി 400 പേര്‍ മാത്രമേ ചികില്‍സയ്ക്കായി വരുന്നുള്ളൂ എന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ തന്നെ 100ലേറെ പേര്‍ ചികില്‍സ മാത്രം മതിയെന്നും മരുന്നു വേണ്ടെന്നും എഴുതി നല്‍കിയാണ് എത്തിയത്. അതേസമയം, ഡയബെറ്റിസ് ക്ലിനിക്കുകളിലും അപകടങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റുകളിലും കാര്യമായ കുറവ് പ്രവാസികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടില്ലെന്നും പത്രം വ്യക്തമാക്കി.
അതിനിടെ, പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലും ഏര്‍പ്പെടുത്തിയ ഫീസ് നിരക്ക് സര്‍ക്കാര്‍ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് ബാധകമെന്നതിനാല്‍ പലരും സ്വകാര്യ ഫാര്‍മസികളെ മരുന്നിനായി ആശ്രയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നേരത്തേ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി ലഭിച്ചിരുന്ന മരുന്നിന് കഴിഞ്ഞ ദിവസമാണ് ആരോഗ്യ മന്ത്രാലയം ഫീസ് ഈടാക്കിത്തുടങ്ങിയത്.
മരുന്നിന് ഫീസായി അഞ്ച് ദിനാര്‍ ഈടാക്കാനാണ് തീരുമാനം. ഇത് ഏകദേശം 1400 രൂപയോളം വരും. ഗാര്‍ഹിക തൊഴിലാളികളെ മരുന്നിന് ഫീസ് നല്‍കണമെന്ന നിബന്ധനയില്‍ നിന്ന് അധികൃതര്‍ ഒഴിവാക്കിയിരുന്നു. വളരെ കുറഞ്ഞ ശമ്പളം മാത്രമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇത്രവലിയ തുക മരുന്നിനും ചികില്‍സയ്ക്കുമായി നല്‍കേണ്ടിവരുന്ന വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നിനും ചികില്‍സയ്ക്കും ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്നും അത് ഉടന്‍ പിന്‍വലിക്കണമെന്നും കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി ഉപദേഷ്ടാവ് ഹംദാന്‍ അല്‍ നിംഷാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിദേശികള്‍ താമസ രേഖ പുതുക്കുന്ന സമയത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് നല്‍കുന്നതിനാല്‍ അവരില്‍ നിന്ന് മരുന്നിന് ഫീസ് ഈടാക്കുന്നതും ചികില്‍സയ്ക്ക് അധിക ഫീസ് ചുമത്തുന്നതും ശരിയല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മരുന്നിന് ചുമത്തിയ അധിക ഫീസ് താങ്ങാന്‍ കഴിയില്ലെന്നും അസുഖം വന്നാല്‍ പോലും ആശുപത്രികളില്‍ എത്താത്ത സാഹചര്യമാണ് ഇതിലൂടെ ഉണ്ടായിത്തീരുകയെന്നും ഹംദാന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധവും വിവേചനപരവുമായ ഈ തീരുമാനം ആഗോള തലത്തില്‍ കുവൈത്തിന്റെ പ്രതിഛായയ്ക്ക് ദോഷകരമായി ബാധിക്കുമെന്നും അത് പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികളില്‍ നിന്ന് മരുന്നിന് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ശനം ശക്തമാണ്. രാജ്യത്തെ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും ഉള്‍പ്പെടെ സ്വദേശികളും പ്രവാസികളുമായ നിരവധധി പേര്‍ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുായി രംഗത്തു വന്നിട്ടുണ്ട്. മരുന്നുകള്‍ പാഴാക്കുന്നത് തടയാനും ആരോഗ്യ സേവനങ്ങള്‍ ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വാദം. ഡിസംബര്‍ 18 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല