സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു തുടങ്ങി. ഫെബ്രുവരി 1 വ്യാഴാഴ്ച മുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്കാന് ആരംഭിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു.
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹേല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത്. പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ നിലവിലുള്ള സ്പോണ്‍സറുടെ അനുമതി ആവശ്യമാണ്. കരാര്‍ മേഖലയിലൊഴികെ ജോലി സമയം നാല് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള ഫീസ്:
ഒരു മാസത്തേക്ക് 5 കുവൈത്ത് ദിനാര്‍ (1,348 രൂപ).
മൂന്ന് മാസത്തേക്ക് 10 കുവൈത്ത് ദിനാര്‍ (2,697 രൂപ).
ആറ് മാസത്തേക്ക് 20 കുവൈത്ത് ദിനാര്‍ (5,394 രൂപ).
ഒരു വര്‍ഷത്തേക്ക് 30 കുവൈത്ത് ദിനാര്‍ (8,091 രൂപ).
കുവൈത്ത് പൗരന്മാര്ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് പെര്‍മിറ്റ് ഫീസ് ആവശ്യമില്ല. സമയ പരിധി ഉള്‍പ്പെടെയുള്ള മറ്റു നിയന്ത്രണങ്ങളും സ്വദേശികള്‍ക്ക് ബാധകമല്ല. സ്വകാര്യ മേഖലയിലെ വിദേശികള്‍ക്ക് അവരുടെ യഥാര്‍ത്ഥ സ്പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലി ചെയ്യാനാണ് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ തൊഴിലുടമയുടെ അംഗീകാരം ഇതിന് ആവശ്യമാണ്.
നിലവില്‍ രാജ്യത്തുള്ള പ്രവാസി തൊഴിലാളികളെ പരമാവധി പ്രയോജനപ്പെടുത്താനും കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കുന്നത്. തൊഴിലുടമകള്‍ക്കും ബിസിനസ് മേഖലയിലുള്ളവര്‍ക്കും റിക്രൂട്ട്മെന്റ് ചെലവും ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടി ചെലവഴിക്കേണ്ടി വരുന്ന ചെലവും കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.
തൊഴില്‍ വിപണി വികസിപ്പിക്കുക, ബിസിനസുകാര്‍ക്ക് പ്രയോജനം ചെയ്യുക, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് വിദേശ തൊഴിലാളികളെ ഉപയോഗപ്പെടുത്തുക എന്നിവയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. യഥാര്‍ത്ഥ സ്പോണ്സര്ക്ക് കീഴിലല്ലാതെ പാര്‍ട്ട് ടൈം ജോലിക്ക് പുറമേ വീട്ടിലിരുന്ന് ജോലി ചെയ്യാനും വിദേശികള്‍ക്ക് അനുമതി നല്കി അടുത്തിടെയാണ് ഉത്തരവിറക്കിയത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ നിര്‍ദേശാനുസരണം മാന്‍പവര്‍ അതോറിറ്റി ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു. ജനുവരി മുതല്‍ നിയമം പ്രാബല്യത്തിലായെങ്കിലും ഫെബ്രുവരി ഒന്നു മുതലാണ് വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ സ്വീകരിച്ചുതുടങ്ങുന്നത്.
നിലവിലുള്ള തൊഴിലുടമയാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ നിന്ന് തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കേണ്ടത്. സ്പോണ്‍സറുടെ അനുവാദമുണ്ടെങ്കില്‍ സ്വകാര്യ മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പാര്‍ട്ട് ടൈം ജോലിയും വീട്ടിലിരുന്ന് ജോലിയും ചെയ്യാന്‍ ഇനി മുതല്‍ സാധിക്കും.
മറ്റൊരു തൊഴിലുടമയ്ക്കായി ഒരു ദിവസം പരമാവധി നാല് മണിക്കൂറാണ് ജോലി ചെയ്യാന്‍ അനുമതി. കരാര്‍ മേഖലയില്‍ ഈ നിയന്ത്രണമില്ല. നിര്‍മാണ മേഖലയിലും മറ്റും ജോലികള്‍ വര്‍ധിച്ചതിനാലാണിത്. ജോലിക്കാരുടെ ലഭ്യത കുറവുമുണ്ട്. തൊഴില്‍ വിപണിയുടെ ആവശ്യതകള്‍ക്കനുസരിച്ച് ജോലിക്കാരെ ലഭ്യമാക്കാനും വേണ്ടിയാണ് ഈ ഇളവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല