സ്വന്തം ലേഖകൻ: മോഷ്ടിച്ച ബോട്ടിൽ അനധികൃതമായി മുംബൈ തീരത്ത് എത്തിയവർക്ക് കുവൈത്ത് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ബോട്ട് ഉടമയായ കുവൈത്ത് സ്വദേശി ഇവരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും തടവിലാക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം ജില്ലക്കാരായ മൂന്നംഗ സംഘത്തിന്റെ സാഹസിക കടൽയാത്ര.
കോടതിയിൽ ഹാജരാക്കിയ ഇവരുടെ കസ്റ്റഡി 12 വരെ നീട്ടി. യാത്രാ നിയമങ്ങൾ ലംഘിച്ചതിനാണു മുംബൈ പൊലീസിന്റെ കേസ്. സൗദി, യുഎഇ, പാക്കിസ്ഥാൻ കടലിലൂടെ ഇവർ വന്ന വഴിയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഈ മാസം ഏഴിനാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കടുത്തുനിന്ന് ബോട്ട് പിടികൂടിയത്.
തൊഴിലുടമയുടെ കടുത്ത പീഡനം സഹിക്കാനാവാതെയാണു ബോട്ട് മോഷ്ടിച്ചെടുത്ത് മുംബൈയിലെത്തിയതെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞു. ഭക്ഷണമോ ശമ്പളമോ ലഭിക്കാത്ത മറ്റു ചിലരും തൊഴിലുടമയുടെ തടവിലുണെന്നും ശാരീരിക പീഡനവും നേരിടേണ്ടി വന്നതായും പിടിയിലായവർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല