സ്വന്തം ലേഖകൻ: രാജ്യത്ത് വാഹനപ്പെരുപ്പവും ഡ്രൈവിങ് ലൈസൻസ് തട്ടിപ്പും കുറക്കുന്നതിന് പുതിയ നടപടി. ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷൻ വഴി ഡ്രൈവിങ് ലൈസൻസുകളും വാഹന രജിസ്ട്രേഷനും അംഗീകരിക്കുന്നതാണ് പുതിയ തീരുമാനം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ തീരുമാനത്തെ തുടർന്നാണ് ഇതെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ട്രാഫിക് സേഫ്റ്റിയുടെ തലവൻ ബദർ അൽ മതർ പറഞ്ഞു. തട്ടിപ്പ് കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായ ഇതിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണത്തിൽ അമ്പരപ്പിക്കുന്ന വർധന അനുഭവപ്പെട്ടതായി അൽ മതർ ചൂണ്ടിക്കാട്ടി. ഇത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ലൈസൻസ് കൈവശമുള്ള പലരും യഥാർഥമായി അർഹതയുള്ളവരോ ആവശ്യമില്ലാത്തവരോ ആണ്. പുതിയ തീരുമാനം ഡ്രൈവിങ് ലൈസൻസുകളുടെ അനാവശ്യ വളർച്ച തടയുകയും പൗരന്മാരും പ്രവാസികളും തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുകയും ചെയ്യും. ഗതാഗതക്കുരുക്ക് കുറക്കാനും റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കാനും ഈ നീക്കം വഴിയൊരുക്കുമെന്ന് അൽ മതർ ചൂണ്ടിക്കാട്ടി.
ലൈസൻസ് റദ്ദാക്കിയതിനുശേഷവും വാഹനമോടിക്കുന്നത് തുടരുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് നടത്തുന്ന പരിശോധനകളും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ ജനസംഖ്യയുമായി പൊരുത്തപ്പെടാത്ത ഒന്നരലക്ഷത്തിലധികം ഡ്രൈവിങ് ലൈസൻസുകളുണ്ടെന്നും ഇതിൽ തിരുത്തൽ നടപടികളുടെ ആവശ്യകതയും വ്യക്തമാക്കി. ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ കൂടുതൽ സന്തുലിതവും ഉത്തരവാദിത്തമുള്ളതുമായ സമീപനം കൈവരിക്കുന്നതിനായാണ് പുതിയ നടപടിക്രമമെന്നും ബദർ അൽ മതർ പറഞ്ഞു.
ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളാണ് ട്രാഫിക് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. പ്രവാസികള്‍ക്ക് ഇഷ്യൂ ചെയ്ത എല്ലാ ലൈസന്‍സുകളും സൂക്ഷ്മ പരിശോധന ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുകയാണ്. നിലവില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദീനാര്‍ ശമ്പളവും ബിരുദവും രണ്ടു വര്‍ഷം താമസവുമാണ് ഉപാധികള്‍. ജോലി മാറ്റമോ മറ്റോ ആയ കാരണങ്ങളാല്‍ ഈ പരിധിക്ക് പുറത്താകുന്നവര്‍ ലൈസന്‍സ് തിരിച്ചേൽപിക്കേണ്ടതുണ്ട്. എന്നാൽ, പലരും ലൈസൻസ് റദ്ദാക്കാറില്ല. ഇത്തരക്കാരെ പിടികൂടി ലൈസൻസ് അധികൃതർ റദ്ദാക്കുന്നുണ്ട്.
രണ്ടു ലക്ഷം ലൈസൻസുകൾ ഇത്തരത്തിൽ പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ ഏകദേശം എട്ടു ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല