1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2023

സ്വന്തം ലേഖകൻ: കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2024 ഓടെ കുടുംബ അല്ലെങ്കിൽ ആശ്രിത വീസ (ആർട്ടിക്കിൾ 22) അവതരിപ്പിക്കുന്നത് പരിഗണിക്കുന്നു. പുതിയ വീസ സൗകര്യം ഡോക്ടർമാർ, യൂണിവേഴ്സിറ്റി, പ്രഫസർമാർ, കൗൺസിലർമാർ എന്നിവർക്ക് മാത്രം നൽകുന്നതിനാണ് ആലോചനകൾ നടക്കുന്നത്. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യോഗ്യതയ്ക്കുള്ള മാനദണ്ഡം നിർണ്ണയിക്കുന്നത്.

ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കുവൈത്തിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ അനുവാദം ലഭിക്കുന്ന പ്രവാസി വിഭാഗങ്ങൾക്കായി വ്യവസ്ഥകളും മാനദണ്ഡങ്ങളും നിശ്ചയിക്കാൻ ഒരു കമ്മിറ്റി മന്ത്രാലയം രൂപീകരിക്കുമെന്നാണ് സൂചന. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിലും മേൽനോട്ടത്തിലുമായിരിക്കും കമ്മിറ്റിയുടെ പ്രവർത്തനം.

ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ഏകീകൃത ഗൾഫ് വീസ സംവിധാനത്തിൽ വീസയുടെ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യം വിടുന്നതിൽ പരാജയപ്പെടുന്ന ഏതൊരു സന്ദർശകനും പ്രതിദിനം 100 KD (ദിർഹം1,192) പിഴ ചുമത്താനും ആലോചനയുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് പ്രത്യേക വ്യവസ്ഥകളിൽ ഫാമിലി വീസ ലഭിക്കാൻ അനുവദിക്കുന്ന നയം ഓഗസ്റ്റിൽ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നു.

പ്രവാസി മെഡിക്കൽ സ്റ്റാഫിന്റെ അടുത്ത കുടുംബാംഗങ്ങളെ കുവൈത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ അഭ്യർത്ഥന ഷെയ്ഖ് തലാൽ അംഗീകരിച്ചിരുന്നു. മെഡിക്കൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനും സുപ്രധാന വൈദഗ്ധ്യം നിലനിർത്തുന്നതിനുമുള്ള നടപടിയായാണ് ഈ തീരുമാനത്തെ കുവൈത്ത് കാണുന്നത്.

പ്രത്യേകിച്ച് മെഡിക്കൽ സ്റ്റാഫ്, കൺസൾട്ടന്റുമാർ, അപൂർവ സ്പെഷ്യലൈസേഷനുകൾ ഉള്ളവരെ നിലനിർത്തുന്നതിനാണ് ഈ നീക്കം. കുവൈത്തിലെ ഫാമിലി വീസകളെക്കുറിച്ചുള്ള സമൂഹ മാധ്യമങ്ങളിൽ ചർച്ച നട്കുന്നതിനിടെ ഈ വീസകൾ നൽകുന്നതിനെക്കുറിച്ചോ പുനരാരംഭിക്കുന്നതിനെക്കുറിച്ചോ മന്ത്രാലയം ഇതുവരെ ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഇത്തരം വീസ സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

എല്ലാത്തരം എൻട്രി വീസകളും അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനവും മന്ത്രാലയം പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ പ്രക്രിയ ജനസംഖ്യാപരമായ സന്തുലിതാവസ്ഥയും പ്രവാസികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്ന മാനുഷിക വശവും പരിഗണിച്ചായിരിക്കും നടപ്പിലാക്കുക.

മന്ത്രാലയത്തിന്റെ നിയമവകുപ്പ് പഠിച്ചുകൊണ്ടിരിക്കുന്ന പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവാസികൾക്ക് ഫാമിലി വീസ ലഭിക്കുന്നതിനുള്ള അടിസ്ഥാന ശമ്പളം 500 കുവൈത്ത് ദിനാറിൽ നിന്ന് 800 കുവൈത്ത് ദിനാറായി ഉയർത്തുന്നതും ഉൾപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.