1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ ഫാമിലി വീസ ലഭിക്കുന്നതിനുള്ള ബിരുദ മാനദണ്ഡങ്ങളില്‍ നിന്ന് 14 വിഭാഗങ്ങളിലെ പ്രൊഫഷനുകളെ ഒഴിവാക്കി. പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് സന്ദര്‍ശക വീസ നല്‍കുന്നത് ഇന്നലെ ജനുവരി 28 ഞായറാഴ്ച മുതലാണ് പുനരാരംഭിച്ചത്.

ഒന്നര വര്‍ഷത്തിന് ശേഷമാണ് ഫാമിലി വീസ നല്‍കുന്നത് പുനരാരംഭിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. വീസ നല്‍കുന്നതിന് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നുവെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. രാജ്യത്തെ വിവിധ റെസിഡന്‍സി അഫയേഴ്സ് കാര്യാലയങ്ങളില്‍ ഫാമിലി വീസയ്ക്കുള്ള അപേക്ഷകള്‍ ഞായറാഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതുക്കിയ ആര്‍ട്ടിക്കിള്‍ 29 പ്രകാരം ഫാമിലി വീസയ്ക്ക് അപേക്ഷിക്കുന്ന വിദേശ തൊഴിലാളിക്ക് 800 കുവൈത്ത് ദിനാര്‍ (2,16,150 രൂപ) പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. യൂണിവേഴ്‌സിറ്റി ബിരുദം ഉണ്ടായിരിക്കണമെന്നും ജോലി അക്കാദമിക് യോഗ്യതയുമായി പൊരുത്തപ്പെടുന്നതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

പുതിയ വ്യവസ്ഥകളില്‍ ചില തൊഴിലുകള്‍ ബിരുദ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ചില വിഭാഗക്കാരായ അപേക്ഷകരെ ശമ്പള മാനദണ്ഡത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുവൈത്തില്‍ താമസിക്കുന്ന മാതാവിനോ പിതാവിനോ കുവൈത്തിലോ രാജ്യത്തിന് പുറത്തോ ജനിച്ചവരും അഞ്ച് വയസ്സ് കവിയാത്തതുമായ മക്കളെ കൊണ്ടുവരുന്നതിന് ശമ്പള വ്യവസ്ഥ ബാധകമല്ല.

ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചാണ് ഇളവ്. ആര്‍ട്ടിക്കിള്‍ രണ്ട് പ്രകാരം ആക്ടിങ് അണ്ടര്‍സെക്രട്ടറി പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുകയും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യുമെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.