സ്വന്തം ലേഖകൻ: വിദേശികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും 20 ദിവസത്തിനുള്ളില്‍ 3000ത്തിലേറെ കുട്ടികള്‍ക്ക് വീസ അനുവദിച്ചതായി കുവൈത്ത്. അഞ്ചു വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കാണ് അവര്‍ക്ക് കുടുംബത്തോടൊപ്പം കുവൈത്തിലേക്ക് വരുന്നതിനുല്‌ള എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിച്ചതെന്ന് റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ അറിയിച്ചു.
വീസ നല്‍കപ്പെട്ടവരില്‍ ഭൂരിഭാഗവും മാസങ്ങള്‍ മാത്രം പ്രായമുള്ള കുരുന്നുകളാണെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ ജോലി ചെയ്യുന്ന കുടുംബം വേനല്‍ക്കാല അ വധിക്ക് നാട്ടില്‍ പോയ സമയത്ത് ജനിച്ചവരാണ് ഇവരിലേറെയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ചെറിയ കുരുന്നുകള്‍ മാതാപിതാക്കളോടൊപ്പം വരുന്നതിന് തടസ്സമാവരുതെന്ന് കരുതി മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വീസ വിലക്കിനിടയിലും ഇത്രയേറെ കുട്ടുകള്‍ക്ക് വീസ അനുവദിച്ചതെന്ന് ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബര്‍ 20നാണ് കുടുംബവുമായി ചേരുന്നതിന് കുട്ടികള്‍ക്ക് വീസ അനുവദിക്കാന്‍ അധികൃതര്‍ തീരുമാനം കൈക്കൊണ്ടത്. അതിന് ശേഷമുള്ള ആദ്യ 20 ദിവസത്തിനകം 3000ത്തിലേറെ പേര്‍ക്കാണ് വീസ അനുവദിച്ചത്. അറബ് പ്രവാസി കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം കൂടുതല്‍ ലഭിച്ചതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സാധുവായ റസിഡന്‍സ് പെര്‍മിറ്റ് വേണമെന്നതാണ് വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളില്‍ ഒന്ന്. മാതാപിതാക്കള്‍ രണ്ടുപേരും കുവൈത്തിലുണ്ടായിരിക്കണമെന്നും നിശ്ചത ശമ്പള പരിധിയില്‍ പെടുന്നവരായിരിക്കണമെന്നും നിബന്ധനയുണ്ട്. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വീസ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും റസിഡന്‍സി അഫയേഴ്‌സ് വിഭാഗം അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല