1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2022

സ്വന്തം ലേഖകൻ: കുടുംബ വിസകള്‍ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കുന്നതിനുള്ള തീരുമാനവുമായി കുവൈത്ത്. ചില കേസുകളില്‍ മാത്രം ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറെ കാലത്തെ നിയന്ത്രണങ്ങള്‍ക്കു ശേഷമാണ് തീരുമാനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ തരം ഫാമിലി വിസകളും അനുവദിക്കുന്നതിന് മാസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ് കുവൈത്ത്.

പുതുതായി കൊണ്ടുവരുന്ന ഇളവുകള്‍ പ്രകാരം പ്രവാസികള്‍ക്ക് കുവൈത്തിന് പുറത്ത് വെച്ച് ജനിച്ച കുട്ടികളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവാദം ലഭിക്കും. സമാനമായ തരത്തില്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി മറ്റ് ചില വിഭാഗങ്ങള്‍ക്കും ഫാമിലി വിസ അനുവദിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. നിലവില്‍ അടിയന്തര കേസുകളില്‍ ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലെത്തുന്ന ഫാമിലി വിസയ്ക്കുള്ള അപേക്ഷകളില്‍ അനുകൂല നിലപാടെടുക്കുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു. ഓരോ കേസും പരിഗണിച്ച് ശേഷമാണ് അതില്‍ തീരുമാനം എടുക്കുന്നത്.

നിലവില്‍ നൂറുകണക്കിന് അപേക്ഷകളാണ് പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനായി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇവയില്‍ അടുത്ത മന്ത്രിസഭ നിലവില്‍ വന്നതിനു ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതോടെ കുടുംബ വിസ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയരിക്കുന്ന വിലക്കുകള്‍ പൂര്‍ണമായും പിന്‍വലിച്ചേക്കുമെന്നും സൂചനകളുണ്ട്. കുടുംബ വിസ അനുവദിക്കുന്നതിന് താത്ക്കാലികമായി അവസാനിപ്പിച്ച കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആശ്രിതര്‍ക്കുള്ള വിസകള്‍ അനുവദിക്കേണ്ടെന്ന് എല്ലാ ഗവര്‍ണറേറ്റുകളിലെയും താമസകാര്യ വകുപ്പ് ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇതില്‍ ഇളവ് അനുവദിക്കുകയും ചെയ്തു. വിസകള്‍ അനുവദിക്കുന്നതിന് പുതിയ സംവിധാനം കൊണ്ടുവരുമെന്നും അതുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, രാജ്യത്ത് പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഭരണകൂടം നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായാണ് കുടുംബ വിസകള്‍ അനുവദിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയ പതിനായിരക്കണക്കിന് ആളുകള്‍ വിസാ കാലാവധി കഴിഞ്ഞിട്ടും കുവൈത്തില്‍ നിന്ന് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്ത് താമസിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ പൂര്‍ണമായും കണ്ടെത്തി നാട്ടിലേക്ക് അയച്ചതിനു ശേഷം മാത്രമേ പുതിയ വിസ അനുവദിക്കേണ്ടതുള്ളൂവെന്ന നിലപാടിലാണ് അധികൃതര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.