1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2024

സ്വന്തം ലേഖകൻ: ഒന്നര വര്‍ഷത്തോളമായി നിര്‍ത്തിവച്ച ഫാമിലി, ടൂറിസ്റ്റ്, കൊമേഴ്സ്യല്‍ വീസകള്‍ കുവൈത്ത് പുനരാരംഭിച്ചു. നാളെ (ഫെബ്രുവരി ഏഴ് ബുധനാഴ്ച) മുതല്‍ വീസ അനുവദിച്ചുതുടങ്ങും. പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് വീസ നല്‍കുന്നത്.

പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരം കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള സന്ദര്‍ശന വീസകള്‍ പുനരാരംഭിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കുവൈത്തില്‍ അമീറിന്റെ വേര്‍പാടിനെ തുടര്‍ന്ന് പുതിയ ഭരണാധികാരി ചുമതലയേല്‍ക്കുകയും പുതിയ പ്രധാനമന്ത്രിയുടെ കീഴില്‍ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് നിയന്ത്രണം നീക്കിയത്.

രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖല ശക്തിപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവിധ വീസിറ്റ് വീസകളും പുനരാരംഭിക്കാന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹിന്റെ നിര്‍ദേശം നല്‍കുകയായിരുന്നു.

വീസ ലഭിക്കാനുള്ള വ്യവസ്ഥകള്‍:

കുടുംബ വീസ

പിതാവ്, മാതാവ്, ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്ക് ഫാമിലി വീസ ലഭിക്കാന്‍ അപേക്ഷകന് കുറഞ്ഞത് 400 കുവൈത്ത് ദിനാര്‍ (1,07,939 രൂപ) ശമ്പളമുണ്ടായിരിക്കണം. ബാക്കിയുള്ള ബന്ധുക്കളെ കൊണ്ടുവരാന്‍ അപേക്ഷകന്റെ ശമ്പളം 800 കുവൈത്ത് ദിനാറില്‍ (2,15,866 രൂപ) കുറയരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വാണിജ്യ വീസ

കുവൈത്ത് കമ്പനിയോ സ്ഥാപനമോ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാണിജ്യ വീസ നല്‍കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും അനുസൃതമായ സര്‍വകലാശാല ബിരുദമോ സാങ്കേതിക യോഗ്യതകളോ ഉള്ള വ്യക്തികള്‍ക്കാണ് ഈ വീസ അനുവദിക്കുക.

ടൂറിസ്റ്റ് വീസ

53 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് രാജ്യത്തെ പ്രവേശന കവാടങ്ങളില്‍ എത്തിയാല്‍ (വിമാനത്താവളം, തുറമുഖം, കര അതിര്‍ത്തി ചെക്‌പോസ്റ്റ്) നേരിട്ട് ടൂറിസ്റ്റ് വീസ ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ആയും ടൂറിസ്റ്റ് വീസ ലഭ്യമാണ്.

ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി വീസകള്‍ മന്ത്രിതല പ്രമേയം നമ്പര്‍ (2030/2008) പ്രകാരം നിര്‍ദ്ദിഷ്ട തൊഴിലുകളും മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്കാണ് നല്‍കുന്നത്.

താമസ, യാത്രാ സേവനങ്ങള്‍ നല്‍കുന്ന ഹോട്ടലുകളേയും കമ്പനികളേയും സ്വയമേവ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.