സ്വന്തം ലേഖകൻ: ബുധനാഴ്ച പുലർച്ചെ കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.
കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകന്‍ ആകാശ് ശശിധരന്‍ നായര്‍ (31), കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കോട്ടയം സ്വദേശികളായ പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, കാസര്‍കോട് സ്വദേശികളായ ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
നേരം പുലരാനിരിക്കേയുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് കുവൈത്തിലെ പ്രവാസികൾ. കറുത്ത പുക ശ്വസിച്ച് പിടഞ്ഞുവീണ പലർക്കും ചുറ്റിലും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനായില്ല. ശ്വാസംകിട്ടാതെയും ഇരുട്ടുമുറിയിൽ എവിടേക്ക് രക്ഷപ്പെടണമെന്നറിയാതെയും പലരും ചിതറിയോടി. ചുമരിൽ തലയിടിച്ചുവീഴുകയും ബാൽക്കണിയിലൂടെ പുറത്തേക്കുചാടുകയും ചെയ്ത പലരും മരിച്ചു.
സുഖനിദ്രയിലായിരുന്നു പലരും. അതുകൊണ്ടുതന്നെ തീ പടർന്നതോ പൊട്ടിത്തെറിയുടെ ശബ്ദമോ പലരും അറിഞ്ഞില്ല. കിടന്നകിടപ്പിൽ ശ്വാസംമുട്ടിയായിരുന്നു ചിലർ മരിച്ചത്. കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരനായ ഈജിപ്തുകാരന്റെ മുറിയിലെ പാചക വാതക സിലിൻഡർ പൊട്ടിത്തെറിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 20 സിലിൻഡറുകൾ മുറിയിൽ സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം.
ഷോർട്ട് സർക്യൂട്ട് ഉണ്ടായ സമയത്ത് ഇവ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തികൂട്ടിയെന്നാണ് കരുതുന്നത്. നിമിഷനേരംകൊണ്ടാണ് ആറുനിലകളിലുള്ള കെട്ടിടം തീ ഗോളമായത്. മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. അഞ്ച് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെ അറസ്റ്റുചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ്, മുബാറക് അൽ അക്ബീർ, അഹ്‌മദി മേഖലാ ഗവർണർമാരും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തിലെ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ താമസക്കാർ 24 മണിക്കൂറിനകം ഒഴിയണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല