സ്വന്തം ലേഖകന്‍: കുവൈത്തിലെത്തുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ 8 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് പിഴ. കുവൈറ്റ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ 8 മണിക്കൂറില്‍ അധികം നേരം വിമാനത്താവളത്തില്‍ തങ്ങേണ്ടിവന്നാല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും പിഴ ഈടാക്കും. ഒപ്പം വിമാനത്താവളത്തില്‍ കുടുങ്ങുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ പ്രത്യേക കൗണ്ടറും ഏര്‍പ്പെടുത്തി.
ഇതോടെ കുവൈത്ത് വിമാനത്താവളത്തില്‍ എത്തപ്പെടുന്ന തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് അവസാനിക്കും എന്നാണ് പ്രതീക്ഷ. വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഗാര്‍ഹിക തൊഴിലാളിയെ ഏറ്റെടുക്കുന്നതിന് സ്‌പോണ്‍സര്‍ക്കോ റിക്രൂട്ട് ചെയ്ത ഗാര്‍ഹിക തൊഴിലാളി ഓഫീസിനോ ഉത്തരവാദിത്തമുണ്ട്. പക്ഷേ വിമാനത്താവളത്തില്‍ എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ സ്‌പോണ്‍സര്‍മാരെ കാത്ത് ആഴ്ചകളോളം വിമാനത്താവളത്തില്‍ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ പ്രശ്‌നം കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ യൂസുഫ് അല്‍ ഫൌസാന്‍ അറിയിച്ചു. എട്ടുമണിക്കൂറില്‍ കൂടുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങേണ്ടിവന്നാല്‍ സ്‌പോണ്‍സറോ ഗാര്‍ഹിക തൊഴിലാളി ഓഫീസോ പിഴ അടയ്ക്കണം. കുടുങ്ങിക്കിടക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാനുഷികപരിഗണനയുടെ പേരില്‍ ഭക്ഷണവും താമസ സൗകര്യവും നല്‍കും.
അതേസമയം ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചതായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ യൂണിയന്‍ മേധാവി ഖാലിദ് അല്‍ ദഖ്‌നാന്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്രപ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് മാസത്തോളമായി റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചിരുന്നു. വാണിജ്യ മന്ത്രാലയം നിശ്ചയിച്ചപ്രകാരമുള്ള ഫീസ് തുടരുമെന്നും യൂണിയന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല