1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2021

സ്വന്തം ലേഖകൻ: വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ പ്രവാസികളുടെ വിസ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനവുമായി കുവൈത്ത് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് ചുമതല നല്‍കിയിരിക്കുകയാണ് മന്ത്രിസഭാ സെക്രട്ടേറിയറ്റ് ജനറല്‍. രാജ്യത്തെ തൊഴില്‍ കമ്പോളത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുകയും എണ്ണയിതര സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

വര്‍ക്ക് പെര്‍മിറ്റ് ഫീസിന് പുറമെ, പ്രവാസികളുമായി ബന്ധപ്പെട്ട മറ്റ് ഫീസുകളും നിശ്ചിത തോതില്‍ വര്‍ധിപ്പിക്കാന്‍ കുവൈത്ത് തൊഴില്‍ മന്ത്രാലയം പച്ചക്കൊടി കാട്ടിയതായാണ് വിവരം. അടുത്ത വര്‍ഷം രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ ഫീസ് വര്‍ധനവ് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതോടൊപ്പം വിദേശ തൊഴിലാളികളുടെ വിസ ഫീസ് വര്‍ധിപ്പിക്കുകയും അതുവഴി വിസ കച്ചവടം അവസാനിപ്പിക്കുകയും ചെയ്യാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

ഇതോടൊപ്പം വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പ്രത്യേക ക്വാട്ടകള്‍ നിര്‍ണയിക്കാനും മന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ മേഖലയിലും സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

സ്വകാര്യ മേഖലയില്‍ 2022 ആകുമ്പോഴേക്ക് നിലവിലെ ജോലികളുടെ അഞ്ച് ശതമാനവും 2025 ആകുമ്പോഴേക്ക് 20 ശതമാനവും സ്വദേശികള്‍ക്ക് നല്‍കും. കുവൈത്ത് യുവാക്കള്‍ക്ക് സ്വകാര്യ മേഖലകളില്‍ മികച്ച തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, വിവിധ മേഖലകളില്‍ പ്രത്യേക നൈപുണ്യമുള്ള വിദേശ ജീവനക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കാനും ബന്ധപ്പെട്ടവര്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.