![](https://www.nrimalayalee.com/wp-content/uploads/2021/03/Kuwait-Covid-Cases-Children.jpg)
സ്വന്തം ലേഖകൻ: തിരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് നാലാം ഡോസ് വാക്സിൻ നൽകുന്നത് കുവൈത്ത് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞ രോഗികളെയും അണുബാധക്ക് സാധ്യത കൂടുതലുള്ളവരെയുമാണ് പരിഗണിക്കുന്നത്. ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) പരമാവധി പേർക്ക് നൽകുന്നതിനാണ് ഇപ്പോൾ മുൻഗണന.
യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെ നടപടികൾ കടുപ്പിച്ചും ബോധവത്കരണം ശക്തമാക്കിയും ഇതിന് ശ്രമിക്കുന്നു. ബൂസ്റ്റർ ഡോസ് കഴിഞ്ഞ് നിശ്ചിത സമയപരിധി പിന്നിട്ടതിന് ശേഷം മാത്രമാണ് നാലാം ഡോസിന് സാധ്യത എന്നതിനാൽ ഉടൻ ഇത് ഉണ്ടാകില്ല. അതേസമയം, അന്താരാഷ്ട്ര മെഡിക്കൽ ഏജൻസികളുമായും ആരോഗ്യവിദഗ്ധരുമായും ചർച്ച നടത്തി മുന്നൊരുക്കം നടത്തും.
അതിനിടെ കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിനു മുകളിലെത്തി. 1482 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഒമിക്രോൺ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഒത്തുചേരൽ വിലക്ക് ജനുവരി 9 ഞായറാഴ്ച പ്രാബല്യത്തിലാകും. മന്ത്രിസഭാ തീരുമാനം നടപ്പാക്കാനും നിയമലംഘനം തടയാനും ശക്തമായ പരിശോധനക്കൊരുങ്ങുകയാണ് ആഭ്യന്തര മന്ത്രാലയം
ഒത്തു ചേരലുകൾ തടയുന്നതിനും മന്ത്രി സഭ തീരുമാനം കർശനമായി നടപ്പാക്കാനും ആഭ്യന്തര മന്ത്രാലയം പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുസുരക്ഷ കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൗബി മുന്നറിയിപ്പ് നൽകി. ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി 28 വരെയാണ് അടഞ്ഞ സ്ഥലങ്ങളിലെ ഒത്തു ചേരലുകൾക്കും പൊതു പരിപാടികൾക്കും വിലക്കുള്ളത്. ആരോഗ്യ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ തീരുമാനത്തിൽ മാറ്റം വരുത്തും .
വൈറസ് വ്യാപനം രൂക്ഷമായാൽ നിയന്ത്രണം നീട്ടുകയോ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കുകയോ ചെയ്യും. പ്രതിദിന കേസ് ആയിരത്തിനു മുകളിൽ എത്തിയതോടെയാണ് ഒത്തു ചേരൽ വിലക്കാൻ മന്ത്രിസഭയെ പ്രേരിപ്പിച്ചത്. രണ്ടാഴ്ചക്കിടെ കോവിഡ് കേസുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.
ഇന്ന് 1482 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു . ഇതോടെ ആക്റ്റീവ് കോവിഡ് കേസുകൾ 6054 ആയി ഉയർന്നു . കോവിഡ് വാർഡുകളിൽ 38 പേരും അത്യാഹിത വിഭാഗത്തിൽ കഴിയുന്നവർ 9 പേരുമാണ്ദി ചികിത്സയിലുള്ളത്. 201 പേർക്ക് ഇന്ന് രോഗം ഭേദമായി. കേസുകൾ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസങ്ങളായി കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ മന്ത്രാലയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല