1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ എലികളെയും പെരുച്ചാഴികളെയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍. കുവൈത്ത് സിറ്റിയിലെ മാലിയ, മിര്‍ഖബ് ഭാഗങ്ങളിലാണ് എലി ശല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും വൃത്തിഹീനമായ പ്രദേശങ്ങളിലുമാണ് ആദ്യം ഇവ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വരെ ഇവയുടെ ശല്യം അനുഭവപ്പെടുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എലികള്‍ വളരെ വേഗം പെറ്റുപെരുകുന്നതിനാല്‍ ഇത് വലിയൊരു പ്രശ്‌നമായി മാറാന്‍ അധിക സമയം വേണ്ടിവരില്ലെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

നഗരത്തിലെ വൃത്തിഹീനമായ സാഹചര്യമാണ് എലി ശല്യം രൂക്ഷമാവാന്‍ കാരണമെന്നാണ് ജനങ്ങളുടെ ആരോപണം. ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വൃത്തിഹീനമായ നഗരമായി കുവൈത്ത് മാറുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. കടകള്‍ക്കും റെസ്റ്റൊറന്റുകള്‍ക്കും പിറകില്‍ കുന്നുകൂട്ടിയിരിക്കുന്ന അവശിഷ്ടങ്ങളും വീടുകളില്‍ നിന്ന് വലിച്ചെറിയുന്ന ഭക്ഷണ മാലിന്യങ്ങളും ഇവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതായാണ് അവരുടെ വിലയിരുത്തല്‍.

എലികളെയും പെരുച്ചാഴികളെയും വ്യാപകമായി കാണുന്ന പ്രദേശങ്ങളില്‍ ആരോഗ്യമന്ത്രാലയത്തിലെ റോഡെന്റ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ നടത്തി അവയെ നശിപ്പിക്കാന്‍ നടപടിയെടുക്കാറുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാവുന്നില്ല. മാളങ്ങളില്‍ വിഷം വച്ചും കെണിയൊരുക്കിയും ഒക്കെയാണ് അധികൃതര്‍ ഇതിനെ നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് വ്യാപകമായതോടെ ഇത്തരം നടപടികള്‍ കൊണ്ട് ഫലമുണ്ടാവുന്നില്ലെന്നതാണ് അനുഭവം. വീടുകളിലും കടകളിലും എലി ശല്യമുണ്ടെന്നും പറഞ്ഞ് നൂറുകണക്കിന് കോളുകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് റോഡെന്റ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടുതല്‍ വിളികളും എത്തുന്നത് സുലൈബിയ്യ പ്രദേശങ്ങളില്‍ നിന്നാണ്.

പരാതി ലഭിച്ചാലുടന്‍ അവിടെയെത്തി നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജനങ്ങളില്‍ നിന്ന് പരാതി ലഭിക്കാതെ തന്നെ കുവൈത്തിലെ അമ്പതോളം പ്രദേശങ്ങളില്‍ ദിവസവും അധികൃതര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. ശാമിയ്യ, ദഹിയത്ത് അബ്ദുല്ല അല്‍ സാലിം, ഫൈഹ, മിര്‍ഖബ്, ബനീദ് അല്‍ ഗാര്‍, ഖൈത്താന്‍ തുടങ്ങിയ ജനനിബിഢമായ പ്രദേശങ്ങളിലാണ് പ്രധാനമായും പരിശോധനകള്‍ നടത്താറുള്ളത്. ഇവിടങ്ങളില്‍ ജനപ്പാര്‍പ്പുള്ള പ്രദേശങ്ങളില്‍ പോലും അവര്‍ക്കിടയിലൂടെ എലികളും പെരുച്ചാഴികളും ഓടിനടക്കുന്നത് സ്ഥിരം കാഴ്ചകളാണെന്ന് ഖൈത്താന്‍ സ്വദേശി മുഹമ്മദ് അഹ്മദ് പറയുന്നു. തണുപ്പുകാലം വരുന്നതോടെ ഇവയുടെ ശല്യം കൂടുതല്‍ അസഹനീയമാവുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.