സ്വന്തം ലേഖകൻ: രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിനുകൂടി ഒരുങ്ങുന്നു. ജൂൺ 10, 17 തീയതികളിലൊന്നിൽ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഭരണഘടന കോടതി വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ട 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഉത്തരവിലുള്ള ചർച്ചയും അംഗീകാരം നൽകലും തിങ്കളാഴ്ചയിലെ യോഗത്തിൽ ഉണ്ടാകുമെന്നു അൽറായി പത്രം റിപ്പോർട്ട് ചെയ്തു.
അതിനിടെ, ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം ചൊവ്വാഴ്ച, ദേശീയ അസംബ്ലിയുടെ സാധാരണ സമ്മേളനത്തിന് ആഹ്വാനം ചെയ്തു. ഇതുസംബന്ധിച്ച് എം.പിമാർക്ക് അദ്ദേഹം കത്തയച്ചു. മന്ത്രിമാരുടെ ഭരണഘടന സത്യപ്രതിജ്ഞയും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാറിന്റെ രാജിപ്രഖ്യാപനം വന്നതോടെ ജനുവരി മുതൽ നാലു മാസത്തോളമായി ദേശീയ അസംബ്ലി സമ്മേളനം നടന്നിട്ടില്ല. സ്പീക്കർ യോഗം വിളിക്കുമെങ്കിലും മന്ത്രിമാർ വിട്ടുനിൽക്കൽ തുടർന്നതിനാൽ സമ്മേളനം മുടങ്ങുകയായിരുന്നു.
ഈ മാസം 17നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് 2020ലെ ദേശീയ അസംബ്ലി അമീർ പിരിച്ചുവിട്ടത്. ഇതോടെ 2022ലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി 2020ലെ ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച ഭരണഘടന കോടതി വിധിയും റദ്ദായി. മാർച്ച് 19നാണ് 2022ലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഭരണഘടന കോടതി വിധിയുണ്ടായത്.
2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിധി. 2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ദേശീയ അസംബ്ലി അംഗങ്ങളെയും കോടതി പുനഃസ്ഥാപിച്ചിരുന്നു. 2020ലെ മർസൂഖ് അൽ ഗാനിമിനെ ദേശീയ അസംബ്ലിയുടെ നിയമാനുസൃത സ്പീക്കറായി തിരിച്ചെടുക്കാനും ഭരണഘടന കോടതി ഉത്തരവിടുകയുണ്ടായി.
ഭരണഘടന കോടതി വിധി വന്നതോടെ നിലവിലുള്ള എം.പിമാർ ദേശീയ അസംബ്ലിയിൽനിന്ന് പുറത്താവുകയും പിരിച്ചുവിട്ട സഭയിലെ അംഗങ്ങൾ വീണ്ടും ജനപ്രതിനിധികളെന്ന നിലയിൽ സഭയിൽ എത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് 2020ലെ ദേശീയ അസംബ്ലി അമീർ പിരിച്ചുവിട്ടത്.ഇത് മറ്റൊരു തെരഞ്ഞെടുപ്പിലേക്കും രാജ്യത്തെ എത്തിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല