സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി. ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ജോലി ചെയ്യാം. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പ്രത്യേക വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും മുതിര്‍ന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സ്വകാര്യ ക്ലിനിക്കുകളിലോ മറ്റോ സ്വകാര്യ പ്രാക്ടീസ് ചെയ്യാമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.
എന്നാല്‍, സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ മേഖലകളില്‍ നേതൃസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍, പ്രസിഡന്റ് അല്ലെങ്കില്‍ സൂപ്പര്‍വൈസറി സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതിയുണ്ടാവില്ല.
അണ്ടര്‍സെക്രട്ടറി, അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി, വകുപ്പുകളുടെ ഡയറക്ടര്‍മാര്‍, ആരോഗ്യ ജില്ലകളുടെ മേധാവികള്‍, ആശുപത്രി മേധാവികള്‍, പ്രത്യേക മെഡിക്കല്‍ സെന്ററുകളുടെയോ മെഡിക്കല്‍ വിഭാഗങ്ങളുടെയോ ചുമല വഹിക്കുന്നവര്‍, സ്വകാര്യ മെഡിക്കല്‍ മേഖലയില്‍ അനുബന്ധ സൂപ്പര്‍വൈസറി ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ തുടങ്ങി എക്‌സലന്റ് ഗ്രേഡുകളിലുള്ളവര്‍ക്ക് നിയന്ത്രണം ബാധകമാണ്.
പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ക്ലിനിക്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം ലഭിക്കും. മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ആരോഗ്യ സേവന ലഭ്യത മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുന്നതിനും വേണ്ടിയാണെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല