1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2021

സ്വന്തം ലേഖകൻ: കുവൈത്തിലെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രവാസികള്‍ നല്‍കേണ്ട ഫീസ് കുത്തനെ കൂട്ടാന്‍ മുനിസിപ്പാലിറ്റി തീരുമാനം. റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിന് ഉള്‍പ്പെടെ ഏതാണ്ടെല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ധിക്കാനാണ് നീക്കം. ചില ഫീസുകള്‍ 14 മടങ്ങ് വര്‍ധിക്കുമെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം മുതലാണ് ഫീസ് വര്‍ധന നിലവില്‍ വരിക.

സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കാന്റീന്‍, കിയോസ്‌ക് നടത്തിപ്പുകാര്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസാണ് 1400 ശതമാനം വര്‍ധിച്ചത്. നിലവില്‍ 20 ദിനാറാണ് ഇതിനായി ഈടാക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇത് 300 ദിനാറായി വര്‍ധിപ്പിക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. പ്ലോട്ടുകള്‍ വിഭജിക്കാനും ഒരുമിച്ചു ചേര്‍ക്കാനും നിലവില്‍ 10 ദിനാര്‍ ഈടാക്കുന്ന സ്ഥാനത്ത് 40 ദിനാറാക്കി ഉയര്‍ത്തും.

ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പുതുതായി സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും പുതുതായി 80 ദിനാര്‍ ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപാര ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥലം അനുവദിച്ച് നല്‍കുന്നതിനുള്ള അപേക്ഷയ്ക്ക് പുതുതായി 100 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തും. ഇത് പുതുക്കുന്നതിന് 200 ദിനാറാണ് ഈടാക്കുക.

അടുത്ത വര്‍ഷം മുതല്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന സര്‍ക്കാര്‍ ഫീസുകള്‍ അഞ്ചിരട്ടി വര്‍ധിപ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വര്‍ധനവ് അതിലേറെ കൂടുതലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുവൈത്തിലെ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഒരു പ്രത്യേക സമിതിക്ക് രൂപം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, രാജ്യത്തെ 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നതിനുള്ള ഫീസ് 50 ദിനാറില്‍ നിന്ന് 500 ദിനാറായി ഉയര്‍ത്താനും അവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കാനും മാന്‍പവര്‍ അതോറിറ്റി തീരുമാനം എടുത്തിരുന്നുവെങ്കിലും അത് ഇതുവരെ നടപ്പിലായിട്ടില്ല. ഇതു കാരണം പതിനായിരക്കണക്കിന് പ്രവാസികള്‍ വിസ പുതുക്കാനാവാത്ത സ്ഥിതിയിലാണ്.

ഈ വര്‍ഷം ജനുവരിയില്‍ 60 കഴിഞ്ഞവരുടെ വിസ പുതുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി തീരുമാനമായിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അത് റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് 500 ദിനാര്‍ ഫീസ് ഈടാക്കി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് വ്യവസ്ഥയോടെ വിസ പുതുക്കി നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം കാത്തുകഴിയുകയാണ് മാന്‍പവര്‍ അതോറിറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.