![](https://www.nrimalayalee.com/wp-content/uploads/2021/01/Kuwait-Expat-Population-Work-Permit-Renewal-expats-over-60.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ 15 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. നിശ്ചിത ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാവൂ എന്ന നിബന്ധന ഒഴിവാക്കാൻ മന്ത്രിസഭായോഗം നിർദേശം നൽകി. കോവിഡ് പ്രതിരോധം ശക്തമായ സാഹചര്യത്തിൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ആരോഗ്യ കാരണങ്ങളാൽ വാക്സീൻ സ്വീകരിക്കേണ്ടാത്തവരും ആരോഗ്യമന്ത്രാലയം വാക്സീൻ പദ്ധതിയിൽനിന്ന് ഒഴിവാക്കിയവരും അല്ലാത്ത സ്വദേശികൾക്ക് മാത്രമേ സെപ്റ്റംബർ 1 തൊട്ട് വിദേശയാത്ര അനുവദിക്കൂവെന്നും മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് വ്യാപനത്തിൽ കുറവ് അനുഭവപ്പെടുന്നതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് മന്ത്രിസഭയെ അറിയിച്ചു.
രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മരണസംഖ്യയിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണത്തിലും കുറവുണ്ട്. വാക്സിനേഷൻ ത്വരിതപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 1 ലക്ഷത്തിലേറെ പേർക്ക് വാക്സിനേഷന് റജിസ്ട്രേഷൻ നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം കോവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച ഓൺലൈൻ സേവന സംവിധാനം തുടരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിൽ നേരിട്ട് എത്തുന്നതിന് പകരം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.
സാമൂഹിക അകലം പാലിക്കുന്നതിൽ ഉൾപ്പെടെയുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ ഓൺലൈൻ സംവിധാനം സഹായിക്കുന്നുണ്ട്. ഇതിനകം ഇഖാമയുമായി ബന്ധപ്പെട്ട് 31,27,897 ഇടപാടുകൾ ഓൺലൈൻ വഴി നടന്നിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഓൺലൈൻ സംവിധാനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ: infogdis@moi.gov.kw
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല