സ്വന്തം ലേഖകൻ: രാജ്യത്ത് തൊഴിലാളികള്‍ക്ക് ഒന്നിലധികം ജോലികള്‍ ചെയ്യാന്‍ അനുവദിക്കുന്ന നിയമത്തിന് കുവൈത്ത് സിവില്‍ സര്‍വീസ് കൗണ്‍സില്‍ അംഗീകാരം നല്‍കി. പുതിയ തൊഴില്‍ നിയമപ്രകാരം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിലും നിബന്ധനകള്‍ക്കു വിധേയമായി ജോലി ചെയ്യാന്‍ കഴിയും.
നിലവിലെ തൊഴിലുടമയുടെ അനുവാദത്തോടെ മാത്രമേ മറ്റൊരു ജോലിയില്‍ ഏര്‍പ്പെടാവൂ എന്നതാണ് നിബന്ധനകളില്‍ ഒന്നാമത്തേത്. സര്‍ക്കാര്‍ മേഖലയിലെ ഔദ്യോഗിക ജോലി സമയത്തിന് ശേഷം മാത്രമേ സ്വകാര്യ മേഖലയില്‍ അധിക ജോലി ചെയ്യാന്‍ പാടുള്ളൂ എന്നും നിര്‍ദ്ദേശമുണ്ട്. ആഴ്ചയില്‍ 40 മണിക്കൂറാണ് ജീവനക്കാരുടെ നിലവിലെ ജോലി സമയം. ഇതു കഴിച്ചുള്ള ബാക്കി സമയം മറ്റേതെങ്കിലും മേഖലയില്‍ ജോലി ചെയ്യാം.
ഒന്നിലധികം ജോലികളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നത് ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കഴിവുകള്‍ വ്യത്യസ്തമായി ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനും സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ മേഖലയിലെ പരിചയവും അനുഭവസമ്പത്തുമുള്ള വിദഗ്ധരായ തൊഴിലാളികളുടെ സേവനം സ്വകാര്യ മേഖലയില്‍ കൂടി ലഭ്യമാകും.
സര്‍വീസില്‍ നിന്ന് വിരിമിച്ച ജീവനക്കാര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ കഴിയുമോ എന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയത്തിന് അനുകൂല പ്രതികരണമാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നല്‍കിയത്. എന്നാല്‍ പബ്ലിക് സോഷ്യല്‍ ഇന്‍ഷുറന്‍സ് സെക്യൂരിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെടാനാവൂ.
ഇങ്ങനെ വിരമിച്ചതിന് ശേഷം ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യം റദ്ദാക്കും. സോഷ്യല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം തുക ഇവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും. ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള ഗുഡ് വില്‍ ലോണ്‍ പരിധി ശമ്പളത്തിന്റെ ഏഴു മടങ്ങില്‍ നിന്ന് 21 മടങ്ങായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചതായും സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.
അതിനിടെ, കുവൈത്തിലെ എണ്ണ മേഖലയില്‍ വനിതകള്‍ക്കുണ്ടായിരുന്ന തൊഴില്‍ വിലക്ക് പബ്ലിക്ക് അതോറിറ്റി ഓഫ് മാന്‍ പവര്‍ നീക്കി. ഉപപ്രധാനമന്ത്രി യും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കുവൈത്തിലെ വനിതാ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്.
സൂപ്പര്‍വൈസറി ജോലികള്‍ ഒഴികെയുള്ള ഓയില്‍ ഫീല്‍ഡിനെ തസ്തികകളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. എഞ്ചിനീയറിംഗ് ജോലികളും അതുമായി ബന്ധപ്പെട്ട മറ്റ് ജോലികളും മെയിന്റനന്‍സ്, ക്വാറിയിംഗ്, മൈനിംഗ്, ഡ്രില്ലിംഗ് തുടങ്ങിയ ജോലികളാണ് വനിതകള്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്. എണ്ണ മേഖലയില്‍ സ്ത്രീ സാന്നിധ്യം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല