![](https://www.nrimalayalee.com/wp-content/uploads/2021/09/Kuwait-Health-Ministry-Free-Medicine.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ ചികിത്സ ചെലവ് കുറക്കാൻ ആരോഗ്യ മന്ത്രാലയം പഠനം നടത്തുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആശുപത്രികളിൽ മരുന്നുകൾ വിതരണം ചെയ്യുന്നത് കുറക്കുന്നതിെൻറ സാധ്യതകൾ പഠിക്കും. ആവശ്യമുള്ളതിനേക്കാൾ അധികം മരുന്ന് വിതരണം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കും. പത്തു ശതമാനമെങ്കിലും ചെലവ് ചുരുക്കാനാണ് ശ്രമിക്കുന്നത്.
ഇൻഷുറൻസ് പരിരക്ഷക്ക് കീഴിലുള്ള ചികിത്സ സേവനങ്ങളെ, വിശേഷിച്ച് ശസ്ത്രക്രിയ അപ്പോയിൻറ്മെൻറുകളെ പരിഷ്കരണം ബാധിക്കില്ല. നിസ്സാര കേസുകളിൽ അനാവശ്യമായി മരുന്നുവിതരണം നടത്തുന്നത് നിയന്ത്രിക്കാനാണ് നീക്കം. മരുന്നുകൾ പല വിലനിലവാരത്തിലുള്ളതുണ്ട്. കൂടിയ വിലയുള്ള മരുന്നുകൾക്ക് ബദൽ തേടും. കുവൈത്തികളെ വിദേശത്ത് ചികിത്സക്ക് അയക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും.
ഗുരുതര കേസുകൾക്ക് മാത്രം വിദേശത്ത് അയക്കും. കുവൈത്തിൽ ചികിത്സ ലഭ്യമായ കേസുകളിൽ ഇവിടെ തന്നെ ചികിത്സിക്കും. വിദേശത്തെ ചികിത്സ 30 ശതമാനം എങ്കിലും കുറക്കാനാണ് ശ്രമിക്കുക. ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ തുടങ്ങി എല്ലായിടങ്ങളിലും അത് എങ്ങനെ നടപ്പിലാക്കാനാകും എന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി.
ബജറ്റ് കമ്മി നികത്തുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് മന്ത്രിസഭ നിർദേശം നൽകിയിരുന്നു. അതനുസരിച്ച് ആരോഗ്യമന്ത്രാലയം 10% ചെലവ് ചുരുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് വിദേശികൾക്കുള്ള സൗജന്യ മരുന്ന് കുറക്കുന്നതിനുള്ള ആലോചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല