![](https://www.nrimalayalee.com/wp-content/uploads/2021/03/Qatar-Quarantine-Guidelines-for-Vaccinated-Travelers.jpeg)
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗം കൈക്കൊണ്ട യാത്രാ നിബന്ധനകളില്‍ നിന്ന് കുവൈത്തിലേക്ക് തിരികെ എത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് ആവശ്യം. കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ ആണ് കൊറോണ എമര്‍ജന്‍സിക്കായുള്ള മന്ത്രിതല കമ്മിറ്റിയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ വൈറസിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്നതാണ് ജനുവരി മുതല്‍ നടപ്പിലാകാന്‍ പോകുന്ന വ്യവസ്ഥ.
രാജ്യത്ത് എത്തിയ ശേഷം 72 മണിക്കൂര്‍ കഴിഞ്ഞ് പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കില്‍ അവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാനും അനുമതിയുണ്ട്. എന്നാല്‍ ഈ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്നാണ് കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യം. അവരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ചാണ് ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി യാത്രാ നിബന്ധനകള്‍ ബാധകമാക്കുന്നത് രാജ്യത്തെ ആരോഗ്യ മേഖലയിന്‍മേലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ആരോഗ്യ സേവനത്തിന്റെ കാര്യക്ഷമതയെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഒമിക്രോണ്‍ ഭീഷണി ചെറുക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ കൈക്കൊണ്ട മന്ത്രിസഭയ്ക്ക് നന്ദി പറയുന്നതായും അസോസിയേഷന്‍ അറിയിച്ചു.
നേരത്തേ ബൂസ്റ്റര്‍ ഡോസ് എടുത്തവരെ ക്വാറന്റൈന്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കണമെന്ന് കുവൈത്ത് ടൂര്‍സ് ആന്റ് ട്രാവല്‍ ഓഫീസസ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ഫെഡറേഷന്‍ തലവന്‍ മുഹമ്മദ് അല്‍ മുത്തൈരി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.
ഒമിക്രോണ്‍ വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമായിരുന്നു കുവൈത്ത് മന്ത്രിസഭയുടെ അസാധാരണ യോഗം യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തിയത്. കുവൈത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ തീരുമാനമെടുത്തിരുന്നു. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് ഈ നിബന്ധന ബാധകം.
ജനുവരി രണ്ടു മുതലാണ് പുതിയ യാത്രാ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരിക. ഒന്‍പത് മാസത്തെ ഇടവേളയില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെ വാക്‌സിന്‍ എടുക്കാത്തവരായും അതിനാല്‍ പ്രതിരോധ ശേഷി ആര്‍ജിക്കാത്തവരുമായാണ് പരിഗണിക്കുക. കോവിഡ് നിയന്ത്രണ ആപ്പില്‍ ഇവര്‍ക്ക് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാവുകയും ചെയ്യും. അതുകൊണ്ടു തന്നെ യാത്രാ നിരോധനം നിലവില്‍ വരികയും ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമിക്രോണ്‍ വകഭേദം വ്യാപിച്ച സാഹചര്യത്തില്‍ കുവൈത്തിന് പുറത്തേക്ക് അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ എന്നും മന്ത്രിസഭാ യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തെത്തുന്ന എല്ലാവരും 10 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് പുതിയ വ്യവസ്ഥ. രാജ്യത്ത് എത്തിയ ഉടനെയും ക്വാറന്റൈനില്‍ 72 മണിക്കൂര്‍ തികയുമ്പോഴും പിസിആര്‍ ടെസ്റ്റും നടത്തണം. രണ്ടാമത്തെ ടെസ്റ്റ് നടത്താത്തവര്‍ക്കാണ് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം.
72 മണിക്കൂര്‍ അഥവാ മൂന്ന് ദിവസം പൂര്‍ത്തിയായാല്‍ പിസിആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെങ്കില്‍ അവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാം. ഇതിനു പുറമെ, രാജ്യത്തേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് യാത്രക്കാര്‍ കൈവശം വയ്ക്കണം. നിലവില്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നതാണ് വ്യവസ്ഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല