1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2021

സ്വന്തം ലേഖകൻ: ഹോം ഡെലിവറി ബൈക്കുകള്‍ക്ക് കുവൈത്തിലെ ഹൈവേകളിലും റിംഗ് റോഡുകളിലും വിലക്കേര്‍പ്പെടുത്തി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്. നവംബര്‍ ഏഴ് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബൈക്ക് ഓടിക്കുന്നവരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരക്കേറിയ റോഡുകളിലൂടെ ചീറിപ്പായുന്ന ഹോം ഡെലിവറി ബൈക്കുകള്‍ ട്രാഫിക് അപകടങ്ങള്‍ക്ക് കാരണമാവുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാന റോഡുകള്‍ ഇവയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനമെടുത്തത്. ഡെലിവറി സമയം പാലിക്കുന്നതിനായി ബൈക്കുകള്‍ ഫുട്പാത്തുകള്‍ വഴിയും മറ്റും ഓടിച്ചുപോവുന്നത് ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു.

പുതിയ തീരുമാനം അനുസരിച്ച് കുവൈത്തിലെ ഫസ്റ്റ് റിംഗ് റോഡ്, ഫോര്‍ത്ത് റിംഗ് റോഡ്, ഫിഫ്ത്ത് റിംഗ് റോഡ്, സിക്സ്ത്ത് റിംഗ് റോഡ്, സെവന്‍ത് റിംഗ് റോഡ്, ശെയ്ഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ സബാസ് കോസ് വേ, ജമാല്‍ അബ്ദുന്നാസര്‍ റോഡ്, 30, 40, 50, 60, 80 നമ്പര്‍ റോഡുകള്‍ എന്നിവിടങ്ങളില്‍ ഹോം ഡെലിവറി ബൈക്കുകള്‍ക്ക് ഇന്നു മുതല്‍ പ്രവേശനം അനുവദിക്കില്ല.

അതേസമയം, ചെറിയ റോഡുകളിലൂടെ പോകുന്ന ഡെലിവറി ബൈക്കുകള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ബൈക്കിന്റെ പിറകിലെ ഡെലിവറി ബോക്സിന്റെ പിറകുവശത്ത് റിഫ്ളക്റ്റര്‍ സ്ട്രിപ്പുകള്‍ ഉണ്ടായിരിക്കണം. ബൈക്ക് ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. ബൈക്ക് ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിക്കുകയും വേണം. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.