1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2023

സ്വന്തം ലേഖകൻ: കുവൈത്തിലെ ഉയർന്ന വാടക നിരക്ക് രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ ബാധിക്കുന്നതായി റിപ്പോർട്ട്. അവരുടെ മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായി കുവൈത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികളും പ്രതിമാസം 125 കുവൈത്ത് ദിനാറിൽ താഴെയാണ് ശമ്പളം വാങ്ങുന്നത്.

33 ശതമാനം പേർക്ക് 325 മുതൽ 400 വരെ ശമ്പളം ലഭിക്കുന്നു, ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം വ്യക്തമാക്കുന്നു. ഉയർന്ന വാടക കാരണം അഞ്ച് പേർ വരെ മുറിയും വാടകയും പങ്കിടുന്ന രീതി പലയിടങ്ങളിലുമുണ്ട്. വാടക നിരക്ക് കുറഞ്ഞ് ചെറിയ സൗകര്യങ്ങളുള്ള താമസസ്ഥലങ്ങൾ കണ്ടെത്തി പലരും താമസമാക്കുന്നുണ്ട്.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അപ്പാർട്ട്‌മെന്റുകളിൽ മുറികളും ഹാളുകളുമെല്ലാം പലർക്കായി വാടകയ്ക്ക് നൽകുന്ന രീതിയും കണ്ടുവരുന്നുണ്ട്. രണ്ടോ മൂന്നോ മുറികളും ഒരു ഹാളും അടങ്ങുന്ന അപ്പാർട്ടുമെന്റുകൾ പാർട്ടീഷനിങ് സമ്പ്രദായത്തിൽ വാടകയ്‌ക്കെടുക്കുന്നു, ഇത് വാടകക്കാർക്ക് ഉയർന്ന ലാഭവും വലിയൊരു വിഭാഗം പ്രവാസികൾക്ക് ചെലവുകുറഞ്ഞ താമസവും നൽകുന്നു. വാടക മൂല്യം അപ്പാർട്ടുമെന്റുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെയും പാർട്ടീഷൻ ചെയ്ത സ്ഥലത്തെയും ആശ്രയിച്ചിരിക്കുമെന്ന് റിയൽ എസ്റ്റേറ്റ് വിഗ്ദധർ വ്യക്തമാക്കി.

വാടക ചെലവ് വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിൽ പല ഏഷ്യൻ കുടുംബങ്ങളും താൽക്കാലിക പാർട്ടീഷനുകളാൽ വിഭജിക്കപ്പെട്ട അപ്പാർട്ടുമെന്റുകളിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സമീപകാല കുവൈത്ത് സെൻസസ് പ്രകാരം കുവൈത്തിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.2 ദശലക്ഷം പേരും പ്രവാസികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.