സ്വന്തം ലേഖകൻ: രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാര്‍ക്കായി അധികൃതര്‍ പുതുതായി നടപ്പില്‍ വരുത്തിയ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി സുരക്ഷാ ഏജന്‍സികള്‍. ഡെലിവറി സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയം അനുദിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാിരിക്കണം, യൂനിഫോം ധരിക്കണം എന്നിവ ഉള്‍പ്പെടെ വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ മാസം അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പരിശോധനകള്‍ നടത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു.
പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍, ഫുഡ് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംയുക്ത കമ്മിറ്റിയാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍, റെസ്റ്റൊറന്ററുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഇതിന്റെ ഭാഗമായി പരിശോധനകള്‍ നടന്നുവരികയാണ്. ഡെലിവറി വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, ഐഡി കാര്‍ഡ് എന്നിവ വേണമെന്നാണ് പുതിയ വ്യവസ്ഥ. നിയമം ലംഘിച്ച് ജോലി ചെയ്യുന്നവരെ നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ക്കശമായ നടപടികള്‍ക്ക് വിധേയമാക്കാനാണ് തീരുമാനം.
ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ജീവനക്കാര്‍ക്ക് മാത്രമല്ല, സ്ഥാപന ഉടമകള്‍ക്കും പിഴ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവും. ഡെലിവറി വാഹനങ്ങള്‍ക്കായി കുവൈത്ത് മുനിസിപ്പാലിറ്റി നല്‍കുന്ന പ്രത്യേക സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതു ലംഘിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാവും. ഏത് കമ്പനിക്കു വേണ്ടിയാണോ ഡെലിവറി സേവനം ചെയ്യുന്നത്, ആ സ്ഥാപനം നല്‍കിയ വിസയില്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്ന കാര്യവും സംഘം പരിശോധിക്കും. ഡെലിവറി ബൈക്കായാലും കാര്‍ ഉള്‍പ്പെടെ വാഹനങ്ങളായാലും അതിലെ ഡ്രൈവര്‍ ഡ്യൂട്ടി സമയത്ത് നിര്‍ദ്ദിഷ്ട യൂനിഫോം അണിഞ്ഞിരിക്കണം.
നിയമങ്ങള്‍ ലംഘിച്ച് ഹോം ഡെലിവറി ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കും. കോവിഡ് മഹാമാരിയുടെ കാലത്താണ് രാജ്യത്ത് ഹോം ഡെലിവറി സംവിധാനം വ്യാപകമായത്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഹോം ഡെലിവറി സംവിധാനം മാറ്റമില്ലാതെ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇവര്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സംയുക്ത പരിശോധനാ സംഘം രംഗത്തിറങ്ങിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല