1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2024

സ്വന്തം ലേഖകൻ: അനധികൃത താമസക്കാര്‍ക്കുള്ള പിഴ-മാപ്പ് പദ്ധതി കുവൈത്ത് നിര്‍ത്തിവച്ചു. 2020ന് മുമ്പ് രാജ്യത്ത് വന്ന അനധികൃത പ്രവാസികള്‍ക്ക് നിശ്ചിത പിഴ അടച്ചാല്‍ രേഖകള്‍ ശരിയാക്കി നിയമപരമായി രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നടപടിയാണ് കുവൈത്ത് അധികൃതര്‍ നിര്‍ത്തിവച്ചത്.

ഇതു സംബന്ധിച്ച ഹ്രസ്വകാല ഉത്തരവ് പിന്‍വലിച്ചതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കാലയളവിലെപ്പോലെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്ന് കുവൈത്ത് ദിനപത്രമായ അല്‍ അന്‍ബ അറിയിച്ചു. 2020ന് മുമ്പുള്ള അനധികൃത പ്രവാസികളുടെ എണ്ണം അഥവാ ഇളവ് ലഭിക്കേണ്ട നിയമവിരുദ്ധരുടെ എണ്ണം ഏകദേശം 110,000 ആണെന്ന് ഒരു സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം വെളിപ്പെടുത്തി.

രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനും കഴിഞ്ഞ വര്‍ഷം 42,000 പ്രവാസികളെ കുവൈത്ത് നാടുകടത്തിയതായി കുവൈത്ത് പത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃത താമസക്കാര്‍ക്കെതിരായ നടപടികള്‍ കുവൈത്ത് അടുത്തിടെ കര്‍ശനമാക്കിയിരുന്നു. അനധികൃത താമസക്കാര്‍ക്ക് ജോലിയോ അഭയമോ നല്‍കുകയോ വിവരങ്ങള്‍ അധികൃതരില്‍ നിന്ന് മറച്ചുവയ്ക്കുകയോ ചെയ്യുന്ന പ്രവാസികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പുണ്ട്..

നിയമവിരുദ്ധമായി വിദേശികളെ ജോലിക്ക് നിയോഗിക്കുന്ന കുവൈത്തിലെ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയുണ്ടാവും. കുവൈത്തിലെ മൊത്തം ജനസംഖ്യയായ 46 ലക്ഷത്തില്‍ ഏകദേശം 32 ലക്ഷം വിദേശികളാണ്. ‘കുവൈറ്റൈസേഷന്‍’ എന്ന് പേരിട്ടിരിക്കുന്ന തൊഴില്‍ നയത്തിന്റെ ഭാഗമായി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനും വിദേശ തൊഴിലാളികള്‍ക്ക് പകരം പൗരന്മാരെ നിയമിക്കാനും രാജ്യം ശ്രമിക്കുന്നു.

രാജ്യത്ത് വിദേശികളുടെ തൊഴില്‍ തടയുന്നതിന് വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം അടുത്തിടെ വര്‍ധിച്ചുവരികയാണ്. കൊവിഡ്-19 പകര്‍ച്ചവ്യാധി ശക്തമായ കാലത്താണ് ഇത് കൂടുതല്‍ രൂക്ഷമായത്. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കിടയില്‍ കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരണമെന്ന് നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് സ്‌കില്‍ഡ് വര്‍ക്ക് മേഖലകളില്‍ വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് തൊഴില്‍ നൈപുണ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുക. യോഗ്യരായര്‍ മാത്രമാണ് ഇത്തരം തസ്തികകളില്‍ ജോലിചെയ്യുന്നതെന്ന് ഉറപ്പാക്കാനാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.