സ്വന്തം ലേഖകൻ: അവധിക്കാലം കഴിഞ്ഞ് പ്രവാസികൾ തിരിച്ചെത്തിത്തുടങ്ങിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു. കുവൈത്തിലേക്കുള്ള മടക്ക ടിക്കറ്റിന് അഞ്ചിരട്ടിയോളമാണ് കൂടിയത്. നിലവിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും 20 ദീനാറിൽ താഴെയാണ് പുറപ്പെടൽ ടിക്കറ്റ് നിരക്ക്. അതേസമയം കുവൈത്തിലേക്കുള്ള നിരക്ക് 140 ദീനാറിനും190നും ഇടയിലാണ്.
കോഴിക്കോട്ടുനിന്ന് ഈ മാസം 25ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് 45,000ന് മുകളിലാണ്. 10,000-15,000 ആണ് ഇതിന് സാധാരണ നിരക്കുണ്ടാകാറുള്ളത്. ഈ മാസം അവസാന വാരമാണ് കുവൈത്തിൽ സ്കൂളുകൾ തുറക്കുന്നത്. അതിന് മുന്നേയുള്ള ദിവസങ്ങളിൽ ഉയർന്ന നിരക്ക് തുടരുമെന്നാണ് സൂചന. കുവൈത്തിൽ കുടുംബമായി താസിക്കുന്നവർ, കുട്ടികൾ, അധ്യാപകർ, സ്കൂൾ ജീവനക്കാർ എന്നിവരെല്ലാം വേനൽകാലത്താണ് നാട്ടിലേക്ക് തിരിക്കുന്നത്. ഇവർ മടക്കയാത തുടങ്ങിയിട്ടുണ്ട്.
പുറപ്പെടുന്ന വിമാനങ്ങളെ അപേക്ഷിച്ച് കുവൈത്തിലേക്ക് വരുന്ന വിമാനങ്ങളുടെ റിസർവേഷനുകൾക്കുള്ള ഡിമാൻഡ് വർധിച്ചതാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമെന്ന് ട്രാവത്സ് രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നു. വേനലവധി അവസാനിക്കാനിരിക്കെ കുവൈത്തിലേക്കുള്ള മടക്കയാത്ര നിരക്ക് വർധനവ് സ്വാഭാവികമാണെന്നും ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വ്യാപാരികൾ പറയുന്നു.
സെപ്റ്റംബർ പകുതിയോടെ കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ വില കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം, കുവൈത്തിൽനിന്ന് കേരളത്തിലേക്കടക്കം പുറപ്പെടുന്ന വിമാനങ്ങളുടെ ടിക്കറ്റ് വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കുവൈത്തിൽനിന്ന് ഈജിപ്തിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കാണിപ്പോൾ -20 ദീനാറിന് അവിടെ എത്താം. കൈറോയിലേക്ക് യാത്ര ചെയ്യുന്നതിന് 27 ദീനാർ മാത്രമേ ചെലവാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല