![](https://www.nrimalayalee.com/wp-content/uploads/2020/04/coronavirus-covid-19-lockdown-Courier-Service-for-NRI-Medicines.jpg)
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുമ്പോള്‍ മരുന്നുകള്‍ കൊണ്ടു വരരുതെന്ന് സ്ഥാനപതി സിബി ജോര്‍ജ്. ഡോക്ടര്‍മാരുടെ കുറിപ്പടി ഉള്ളവയാണെങ്കിലും മരുന്നുകള്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മരുന്നുകളും കുവൈത്തില്‍ ലഭിക്കുന്നതിനാല്‍ പുറമെ നിന്ന് മരുന്ന് കൊണ്ടുവരരുതെന്നാണ് നിലപാടെന്നും എംബസിയുടെ ഓപ്പണ്‍ ഹൗസില്‍ അറിയിച്ചു.
ചില യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഈയിടെ ബുദ്ധിമുട്ടിയതായും സ്ഥാനപതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ചിലരെ തിരിച്ചയയ്ക്കുകയും ചിലരെ തടവിലാക്കുകയും ചെയ്തു. കൂടാതെ, കുവൈത്തിലുള്ള മുഴുവന്‍ ഇന്ത്യക്കാരും കോവിഡ് പ്രതിരോധത്തിനായുള്ള ബൂസ്റ്റര്‍ഡോസ് സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കും. കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും കമ്പനിയുടെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചാല്‍ കുവൈത്തിലേക്ക് പ്രവേശിക്കാമെന്ന് സ്ഥാനപതി പറഞ്ഞു.
അതേസമയം, കൊവാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യാന്‍ അധികൃതരുമായി ചര്‍ച്ച തുടരുന്നതായും സ്ഥാനപതി വ്യക്തമാക്കി. കുവൈത്തില്‍ നാഷനല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍, അംഗീകാരമില്ലാത്ത സര്‍വകലാശാല, കോളജ് എന്നിവിടങ്ങളില്‍ പഠിച്ചവരും എന്‍ബിഎ അംഗീകാരമില്ലാത്ത കോഴ്‌സ് പഠിച്ചവരുമായ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ തൊഴില്‍ അന്വേഷിച്ച് വരാന്‍ പാടില്ല.
കുവൈത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് ഈ നിബന്ധന ബാധകം. ഇവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കണമെങ്കിലും പുറത്തേക്ക് യാത്ര ചെയ്യണമെങ്കിലും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം ആയിട്ടില്ലെങ്കില്‍ അവരെ നിയന്ത്രണം ബാധിക്കില്ല.
ഒന്‍പത് മാസത്തിന് മുമ്പ് രണ്ടാം ഡോസ് എടുത്തവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണമെന്ന നിയമം അടുത്ത വര്‍ഷം ജനുവരി രണ്ടു മുതലാണ് പ്രാബല്യത്തില്‍ വരിക. ഒന്‍പത് മാസത്തെ ഇടവേളയില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെ വാക്സിന്‍ എടുക്കാത്തവരായും അതിനാല്‍ പ്രതിരോധ ശേഷി ആര്‍ജിക്കാത്തവരുമായാണ് പരിഗണിക്കുക. കോവിഡ് നിയന്ത്രണ ആപ്പില്‍ ഇവര്‍ക്ക് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാവുകയും ചെയ്യും. പൂര്‍ണമായും വാക്സിനെടുത്തവരായി പരിഗണിക്കപ്പെടാത്ത ഇവര്‍ക്ക് അതുകൊണ്ടു തന്നെ യാത്രാ നിരോധനം നിലവില്‍ വരികയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല