സ്വന്തം ലേഖകൻ: പൈതൃകത്തനിമയുള്ള കാഴ്ചകളൊരുക്കി കുവൈത്ത് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓണാഘോഷം പ്രവാസി മലയാളികൾക്ക് ഓണസമ്മാനമായി. തിരുവാതിരയും മോഹിനിയാട്ടവും കഥകളിയും വള്ളംകളിയും ചെണ്ടമേളവും പുലിക്കളിയും വഞ്ചിപ്പാട്ടുമെല്ലാം നിറഞ്ഞുനിന്ന വേദിയിൽ താളം പിടിച്ചും ചുവടുവച്ചും പ്രവാസി ഇന്ത്യക്കാർ ഒപ്പം ചേർന്നു.
സ്വദേശികളും വിദേശികളും കൂടിയപ്പോൾ ഓണാഘോഷത്തിന് രാജ്യാന്തര പൊലിമ. താലപ്പൊലിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ അതിഥികളെ ആനയിച്ചു. വിദേശികൾക്കിത് മനംനിറഞ്ഞ കാഴ്ചകളായിരുന്നു. ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ചരിത്രവും സംസ്കാരവും കുടുംബ മൂല്യങ്ങളും ഏകോദര സഹോദരങ്ങളാണെന്ന തത്വവുമാണ് ഓണത്തോടൊപ്പം ആഘോഷിക്കപ്പെടുന്നതെന്ന് സ്ഥാനപതി പറഞ്ഞു.
ഇന്ത്യൻ ബിസിനസ് പ്രമോഷൻ കൗൺസിൽ, ഫ്രൻഡ്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് (ഫോക്), അഞ്ജലി സ്കൂൾ ഓഫ് ഡാൻസ്, സൃഷ്ടി സ്കൂൾ ഓഫ് ക്ലാസിക് ഡാൻസ്, ഇന്ത്യൻ കമ്യൂണിറ്റി തുടങ്ങി പരിപാടിയുമായി സഹകരിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്ഥാനപതി നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല