സ്വന്തം ലേഖകൻ: ഫലസ്തീൻ ഐക്യദാർഢ്യ ഭാഗമായി എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാനുള്ള കുവൈത്ത് സർക്കാറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അസോസിയേഷനുകൾ ഇത്തരം പരിപാടികൾ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു. സർക്കാർ നിർദേശത്തിന് പിറകെ വിശദീകരണത്തിനായി എംബസി കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
സംഗീതം, നൃത്തം തുടങ്ങിയ ഏതെങ്കിലും ആഘോഷ ഘടകങ്ങൾ ഉൾപ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ കൂടുതൽ നിർദേശങ്ങൾ ഉണ്ടാകുന്നതുവരെ നടത്തേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനാൽ, എല്ലാ ഇന്ത്യൻ അസോസിയേഷനുകളും ഇത്തരം പരിപാടികൾ അനുയോജ്യമായ ഒരു തീയതിയിലേക്ക് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് എംബസി അറിയിച്ചു.
ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കുവൈത്തില്‍ ഉയരുന്നത്. ഫലസ്തീൻ ജനതക്കൊപ്പം നിലകൊള്ളുന്നതിലും പൂർണമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ അവരെ പിന്തുണക്കുന്നതിലും കുവൈത്ത് ഭരണകൂടത്തിന്റെ ഉറച്ചതും തത്ത്വാധിഷ്ഠിതവുമായ നിലപാട് മന്ത്രിസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. അറബ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായും കുവൈത്ത് മന്ത്രിമാർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല