![](https://www.nrimalayalee.com/wp-content/uploads/2021/07/NEET-Exam-Examination-Center-Kuwait-.jpg)
സ്വന്തം ലേഖകൻ: ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലും ക്ലിനിക്കുകളിലും ജോലി ചെയ്യവെ തൊഴിൽ നഷ്ടമായ മലയാളികൾ ഉൾപ്പെടെ 380 നഴ്സുമാരുടെ കാര്യത്തിൽ ഉടനെ തീരുമാനമാകുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പ്രതീക്ഷ പ്രകടിപ്പിച്ചു. മാൻപവർ അതോറിറ്റി ചെയർമാൻ അഹമ്മദ് അൽ മൂസയുമായി സ്ഥാനപതി ഇക്കാര്യം ചർച്ച ചെയ്തു.
തൊഴിൽ നഷ്ടപ്പെട്ടവരിൽ 250 ൽ അധികം പേർ മലയാളികളാണ്. ഇന്ത്യയിൽ നിന്നുള്ളവരെ കുവൈത്തിലെ തൊഴിൽ മേഖലയിലേക്കു റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. തൊഴിലിനായി കുവൈത്തിൽ എത്തുന്നവരുടെ നിയമപരമായ സംരക്ഷണവും ചർച്ചാ വിഷയമായി. രാജ്യത്തെ തൊഴിൽ വിപണിയിൽ വിദഗ്ധരായ തൊഴിലാളികൾക്ക് മികച്ച അവസരങ്ങളുണ്ടെന്നു ചർച്ചയ്ക്കു ശേഷം അഹമ്മദ് അൽ മൂസ് പറഞ്ഞു.
കുവൈത്തിന്റെ സാമ്പത്തിക-വികസന മേഖലയിൽ പ്രയോജനപ്പെടുംവിധം വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുന്നതിനു നിയമപരമായ എല്ലാ സംരക്ഷണവും അതോറിറ്റി ഉറപ്പാക്കും. സ്വകാര്യ, ഗാർഹിക മേഖലകളിൽ തൊഴിലിനെത്തുന്നവരുടെ നിയമപരമായ സംരക്ഷണം എന്നത് മാൻപവർ അതോറിറ്റിയുടെ പ്രഥമ പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നു സ്ഥാനപതി സിബി ജോർജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല