1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന ഒഴിവാക്കി ഇന്ത്യ. വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്കാണ് ഇനി പിസിആര്‍ പരിശോധന നിര്‍ബന്ധമല്ലാത്തത്. പ്രൈമറി വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ അനുവാദമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെ ചേര്‍ത്തു.

ഇനിമുതല്‍ നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമില്ല. ഇതോടെ കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് യാത്രയ്ക്ക് മുമ്പ് പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ല. യാത്രക്കാരന്‍ അവരുടെ കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഓണ്‍ലൈന്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ഒരു സ്വയം പ്രഖ്യാപന ഫോം സമര്‍പ്പിച്ചാല്‍ മതി. 14 ദിവസത്തിനുള്ളില്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ വിവരം എയര്‍ സുവിധയില്‍ രേഖപ്പെടുത്തണം. കൂടാതെ, രോഗലക്ഷണമുള്ള യാത്രക്കാരെ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കാം.

അതേസമയം, മെയ് 1 മുതല്‍ കുവൈത്തില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കും. ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. മുഖംമൂടി ധരിക്കുന്നത് ഇനി നിര്‍ബന്ധമല്ലെന്നും വീടിനകത്തും പുറത്തും ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍- മെസ്രെം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ മേധാവി താരിഖ് അല്‍ മസ്റം വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചത്. രാജ്യത്തിന്റെ കോവിഡ് കേസുകള്‍ കുറഞ്ഞതും സാമൂഹ്യ പ്രതിരോധ ശേഷിയിലേക്ക് നയിച്ച വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെയും നില അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം.

രാജ്യത്ത് എത്തിച്ചേരുന്നവര്‍ക്ക് വാക്സിനേഷനും പിസിആര്‍ പരിശോധനയും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിരോധ കുത്തിവെയ്പ് എടുത്തവരോ അല്ലാത്തവരോ ആയ എല്ലാ വ്യക്തികള്‍ക്കും വാക്സിനേഷന്‍ നില പരിഗണിക്കാതെയും പിസിആര്‍ പരിശോധന ആവശ്യമില്ലാതെയും എല്ലാ പൊതുയിടങ്ങളിലും പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് അല്‍ മെസ്രെം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും വാക്സിന്‍ എടുക്കാത്ത ആളുകളുടെ പിസിആര്‍ പരിശോധനയും റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിതരായവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. ‘അവസാനം സമ്പര്‍ക്കം പുലര്‍ത്തിയ തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ പിസിആര്‍ പരിശോധന ആവശ്യമാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് 19 സ്ഥിരീകരിച്ചവര്‍ അണുബാധയുണ്ടായ തീയതി മുതല്‍ അഞ്ച് ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും മാസ്‌ക് നിര്‍ബന്ധമാണെന്നും താരിഖ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.