സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും അടുത്തിടെ കൂട്ടത്തോടെ വിദേശികളെ പിരിച്ചുവിട്ടതിനു പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലെ വിദേശ ജോലിക്കാരെയും കുവൈത്ത് പിരിച്ചുവിടുന്നു. 800ലധികം പ്രവാസികളുടെ തൊഴില്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുകയും സ്വകാര്യ മേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നവരില് ഭൂരിഭാഗവും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസി ജോലിക്കാര്‍ക്ക് പകരം സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളെ നിയമിക്കുകയെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിനും നയങ്ങള്‍ക്കും അനുസൃതമായാണ് ഈ തീരുമാനമെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി അറേബ്യയുടെ മാതൃകയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനും തങ്ങളുടെ പൗരന്മാര്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പരിഷ്കരണങ്ങള്‍ക്കായി കുവൈത്തിലും ശക്തമായ ആവശ്യമുയരുന്നുണ്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇതിന് ആക്കംകൂട്ടുകയും ചെയ്യുന്നു.
കുവൈത്തിലെ മൊത്തം ജനസംഖ്യയായ 46 ലക്ഷത്തില്‍ ഏകദേശം 34 ലക്ഷവും പ്രവാസികളാണ്. രാജ്യത്ത് അധ്യാപകരുടെ ക്ഷാമമുണ്ടായിട്ടും 1,800 പ്രവാസി അധ്യാപകരെയാണ് അടുത്തിടെ ഒരുമിച്ച് പിരിച്ചുവിച്ചത്. സാമ്പത്തിക ഞെരുക്കം മറികടക്കാനും വരുമാന വര്‍ധനവിനും കുവൈത്ത് ഭരണകൂടം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം തൊഴില്‍ മേഖല നിയമാനുസൃതമാക്കാനും അനധികൃതമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്തി നാടുകടത്താനും നടപടികള്‍ സ്വീകരിച്ചുവരികയാണ്.
വൈദ്യുതി, വെള്ളക്കരം, ട്രാഫിക് പിഴകള്‍ എന്നിവ കുടിശ്ശിക വരുത്തിയ വിദേശികളെ അവധിക്ക് നാട്ടില്‍ പോകാന്‍ അനുവദിക്കേണ്ടതില്ലെന്ന അടുത്തിടെ ആങ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. റീ എന്‍ട്രി വീസയില്‍ ഉള്‍പ്പെടെ രാജ്യത്തു നിന്ന് പുറത്തുപോകുന്നവര്‍ എല്ലാ ബാധ്യതകളും തീര്‍ത്തതായി ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. അവധിക്ക് പോയി മടങ്ങിയെത്താത്ത വിദേശികളില്‍ നിന്ന് കുടിശ്ശിക ഈടാക്കാന്‍ കഴിയാതെ വരുന്നതോടെ തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണിത്.
നിയമലംഘകരായി രാജ്യത്ത് കഴിയുന്ന ഒന്നര ലക്ഷം പ്രവാസികളെ പുറന്തള്ളി തൊഴില്‍ മേഖല നിയമാനുസൃതമാക്കണമെന്ന് ആഭ്യന്തര മന്ത്രി അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ പരിശോധനകളും ട്രാഫിക് പരിശോധനകളും ശക്തമായി നടന്നുവരുന്നു. കഴിഞ്ഞയാഴ്ചകളില്‍ നിരവധി പേര് പിടിക്കപ്പെട്ടിരുന്നു. ഇവരെ നാടുകടത്തുന്നതിന് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭിക്കുന്നതിന് വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല