![](https://www.nrimalayalee.com/wp-content/uploads/2020/07/Kuwait-DGCA-issues-health-protocol-commercial-operation-at-the-airport.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് രാജ്യാന്തര വിമാന താവളം പൂര്‍ണ്ണ ശേഷിയിലേക്ക് മടങ്ങുന്നു.മൂന്നു ഘട്ടങ്ങളിലായി 100 ശതമാനം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 50 ശതമാനം സര്‍വീസുകള്‍ പോലും ആരംഭിച്ചിട്ടില്ല. പ്രതിദിനം 40 വിമാന സര്‍വീസുകളിലായി 10,000 യാത്രക്കാരാണ് കുവൈത്തില്‍ വന്നിറങ്ങുന്നത്.
അടുത്ത ഘട്ടം 200 വിമാനങ്ങളിലായി 20,000 യാത്രക്കാരെ എത്തിക്കാനാണ് നീക്കം. മൂന്നാം ഘട്ടത്തില്‍ പ്രതിദിനം 300 വിമാനങ്ങളിലായി 30,000 യാത്രക്കാര്‍ക്കുള്ള സൗകര്യം ഒരുക്കുന്നതിനാണ് പദ്ധതി. അതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
കോവിഡ് സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം കുവൈത്ത് വിമാന താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ ശേഷിയില്‍ ആരംഭിക്കാനാണു അധികൃതര്‍ തയാറെടുക്കുന്നത്. രണ്ടാഴ്ചയ്ക്കകം പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കുവാനാണ് നീക്കം. ഇതിന്റെ ഭാഗമായി കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഡിജിസിഎ വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിന്റെയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും നിര്‍ദേശം അനുസരിച്ചു വിമാനത്താവളം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയാണ് യോഗം ചര്‍ച്ച ചെയ്യുക. എന്നാല്‍ ഇക്കാര്യത്തില്‍ പ്രാദേശികവും രാജ്യാന്തര തലത്തിലും ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തിയാകും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയുമെന്നാണ് പ്രതീക്ഷ. നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചപ്പോൾ ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്ന നിരക്കിനെക്കാൾ 30% വരെ കുറവുണ്ടായതായി ട്രാവൽ-ടൂറിസം മേഖലയിലുള്ളവർ പറയുന്നു.
മാസങ്ങൾക്ക് ശേഷം നേരിട്ടുള്ള സർവീസ് പുനരാരംഭിച്ചപ്പോൾ അതിഭീമമായിരുന്നു ടിക്കറ്റ് നിരക്ക്. 30%വരെ കുറവിൽ 350-370 ദിനാറിന് ഇപ്പോൾ ടിക്കറ്റ് ലഭ്യമാണ്. കുവൈത്തിൽ എത്തിപ്പെടാനുള്ളവരുടെ ബാഹുല്യവും വിമാനങ്ങളുടെ എണ്ണത്തിലുള്ള കുറവുമായിരുന്നു അമിത നിരക്കിന് കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല