![](https://www.nrimalayalee.com/wp-content/uploads/2021/02/Kuwait-International-Airport-PCR-Test-Users-Fee.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാനയാത്രക്കാരുടെ എണ്ണവും വിമാന സർവിസുകളും വർധിച്ചു. വിമാനത്താവള പ്രവർത്തന ശേഷി പൂർണതോതിലാക്കാൻ അനുമതി നൽകിയ ശേഷമുള്ള അഞ്ചുദിവസത്തിൽ 65,759 പേർ യാത്ര ചെയ്തു. നേരത്തേ പ്രതിദിനം 10,000 യാത്രക്കാർ എന്നതായിരുന്നു പരിധി.
യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ ക്രമാനുഗത വർധനയുണ്ട്. അതേസമയം, പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും ഇനിയും തിരക്ക് വലിയ തോതിൽ വർധിച്ചിട്ടില്ല. നവംബർ ആദ്യവാരം മുതൽ കൂടുതൽ സർവിസുകളും യാത്രക്കാരും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ അഞ്ചുദിവസത്തിൽ രാജ്യത്തേക്കു വന്ന യാത്രക്കാരേക്കാൾ കൂടുതലായിരുന്നു രാജ്യത്തിന് പുറത്തുപോയവർ. 28,228 പേർ കുവൈത്തിലേക്ക് വന്നപ്പോൾ 31,516 പേർ പുറത്തുപോയി. 5015 പേർ കുവൈത്ത് വിമാനത്താവളം ട്രാൻസിറ്റ് കേന്ദ്രമാക്കി മറ്റിടങ്ങളിലേക്ക് സഞ്ചരിച്ചു.
അഞ്ചുദിവസത്തിൽ 521 വിമാനങ്ങളാണ് സർവിസ് നടത്തിയത്. 260 ഇൻകമിങ്, 261 ഒൗട്ട്ഗോയിങ് സർവിസ് ആണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തിലെ നാല് ടെർമിനലുകൾ പൂർണ തോതിലുള്ള പ്രവർത്തനത്തിന് സജ്ജമാണ്. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് വിമാനത്താവളത്തിെൻറ പ്രവർത്തനം എത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ഡി.ജി.സി.എ വ്യക്തമാക്കിയിട്ടുണ്ട്.
130ഓളം രാജ്യങ്ങളുമായി വ്യോമഗതാഗത കരാറിൽ എത്തിയതായും കൂടുതൽ വിമാനക്കമ്പനികളെ സ്വാഗതം ചെയ്യുന്നതായും ഡി.ജി.സി.എ ഡയറക്ടർ എൻജിനീയർ യൂസുഫ് അൽ ഫൗസാൻ കഴിഞ്ഞ ദിവസം പറഞ്ഞു. രണ്ടാം ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല