സ്വന്തം ലേഖകൻ: കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങാവുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുമെന്ന് അധികൃതർ സൂചന നൽകി. നിലവിൽ ദിനംപ്രതി ഇറങ്ങുന്നവരുടെ എണ്ണം 10,000 ആണ്. കോവിഡ് നിയന്ത്രണങ്ങളിൽ പരമാവധി ഇളവുകൾ പ്രാബല്യത്തിൽ വരികയും ജനജീവിതം സാധാരണനിലയിൽ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണം കൂട്ടാൻ ആലോചിക്കുന്നത്.
നിലവിൽ വിവിധ രാജ്യങ്ങളിൽനിന്ന് കുവൈത്തിൽ എത്താനുള്ള ഒട്ടേറെ പേർക്ക് നിയന്ത്രണങ്ങൾ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കുറഞ്ഞ യാത്രക്കാരെ മാത്രമേ കൊണ്ടുപോകാവൂ എന്നതിനാൽ യാത്രാ കൂലിയും കൂടുതലാണ്. ദിവസവും ഇറങ്ങാവുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചാൽ ടിക്കറ്റ് നിരക്കിലും കുറവ് സാധ്യമാകും.
നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി നടപ്പാക്കിയ ഇളവുകൾ ഫലപ്രദമെന്നാണ് വിലയിരുത്തൽ. സ്കൂളുകൾ തുറന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. രാജ്യത്ത് 80% ആളുകളും ഒരു ഡോസ് വാക്സീൻ എടുത്തുവെന്നാണ് കണക്ക്. 2 ഡോസും എടുത്തവരുടെ എണ്ണം 75% കവിഞ്ഞു.
അതിനിടെ കുവൈത്തിൽ നിന്നും വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്തുന്നതിന് ഡി.ജി.സി.എ. നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക കമ്പനിക്ക് രൂപം നൽകി യാത്രക്കാരെ രജിസ്റ്റർ ചെയ്യുന്നതിനാണ് നീക്കം. അതേസമയം കുവൈത്തിൽ ‘ഏർളി എൻക്വയറി’ ആപ്ലിക്കേഷൻ പ്രാബല്യത്തിൽ വന്നതോടെയാണ് കുവൈത്ത് അന്താരാഷ്ട്രവിമാനത്താവളത്തിലൂടെ രാജ്യം വിടുന്ന യാത്രക്കാർക്ക് ഡി.ജി.സി.എ. പുതിയ ഫീസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചത്.
അധിക ഫീസ് വിമാന ടിക്കറ്റിൽ ഉൾപ്പെടുത്തുന്നതിനും, പിന്നീട് പ്രത്യേക സംവിധാനത്തിലൂടെ കമ്പനികൾ ഈ തുക സിവിൽ ഏവിയേഷന് കൈമാറുന്നതിനുമാണ് തീരുമാനം. 3.5 മുതൽ 4 ഡോളർ വരെ ആയിരിക്കും പുതിയ ഫീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല