![](https://www.nrimalayalee.com/wp-content/uploads/2020/07/Kuwait-DGCA-issues-health-protocol-commercial-operation-at-the-airport.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് വിമാനത്താവളത്തെ ആഗോള ട്രാൻസിറ്റ് കേന്ദ്രമാക്കാൻ ഒരുങ്ങി വ്യോമയാന വകുപ്പ്. ശൈത്യകാല സീസൺ ആരംഭിക്കുന്നതോടെ വിമാനത്താവളം നൂറുശതമാനം പ്രവർത്തനക്ഷമത കൈവരിക്കും. 130ഓളം രാജ്യങ്ങളുമായി വ്യോമഗതാഗത കരാറിൽ എത്തിയതായും കൂടുതൽ വിമാനക്കമ്പനികളെ സ്വാഗതം ചെയ്യുന്നതായും ഡി.ജി.സി.എ ഡയറക്ടർ എൻജിനീയർ യൂസുഫ് അൽ ഫൗസാൻ പറഞ്ഞു.
കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് വിമാനത്താവളത്തിെൻറ പ്രവർത്തനം എത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ഡി.ജി.സി.എ ഡയറക്ടർ പറഞ്ഞു. വിമാനത്താവളത്തിലെ നാല് ടെർമിനലുകൾ പൂർണ തോതിലുള്ള പ്രവർത്തനത്തിന് സജ്ജമായിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ എന്നിവയുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കിയത്.
കോവിഡ് പ്രതിസന്ധി തുടങ്ങുമ്പോൾ വിമാനത്താവളം നൂറുശതമാനം ശേഷി കൈവരിച്ചിരുന്നില്ല. എന്നാൽ, ശൈത്യകാലം ആരംഭിക്കുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പഴയതിനേക്കാൾ കൂടുതൽ സർവിസുകൾ ഉണ്ടാകും. നിലവിലെ ഉയർന്ന നിരക്ക് കുറയാൻ ഇത് കാരണമാകും. ഇതിനകം 130ലേറെ രാജ്യങ്ങളുമായി വ്യോമഗതാഗത ഉടമ്പടിയിൽ എത്തിയതായും യൂസുഫ് അൽ ഫൗസാൻ പറഞ്ഞു.
രണ്ടാം ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും. 77 വിമാനങ്ങളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാർഗോ സിറ്റിയുടെ നിർമാണം അവസാനഘട്ടത്തിലാണ്.
ഇതോടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ട്രാൻസിറ്റ് ഹബ് ആയി കുവൈത്ത് മാറുമെന്നും ഡി.ജി.സി.എ ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല