1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ ഈ വര്‍ഷം മാത്രം മൂന്നു ലക്ഷത്തിലേറെ പ്രവാസികകള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടമായതായി അധികൃതര്‍. 2021 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ 3,16,700 വിദേശികളുടെ ഇഖാമയാണ് റദ്ദാക്കപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അറബ് മേഖലയില്‍ നിന്നുമുള്ളവരാണ് ഇഖാമ നഷ്ടമായവരില്‍ കൂടുതലും.

അവധിക്കായി സ്വദേശങ്ങളിലേക്ക് പോയവരില്‍ പലര്‍ക്കും തിരിച്ചെത്താനാവാതിരുന്നതാണ് പലരുടെയും റെസിഡന്‍സ് പെര്‍മിറ്റ് റദ്ദാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കോവിഡ് മൂലം കുവൈറ്റും വിവിധ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ കാരണം ഇവര്‍ക്ക് കുവൈത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. പലയിടങ്ങളിലും ഒരു വര്‍ഷത്തിലേറെ യാത്രാ നിയന്ത്രണങ്ങള്‍ നീണ്ടു.

ആറു മാസത്തിലേറെ കാലം കുവൈത്തിന് പുറത്ത് തങ്ങേണ്ടിവന്നതോടെ വിസ കാലാവധി സ്വാഭാവികമായി അവസാനിക്കുകയും അവരുടെ കുവൈത്തിലേക്കുള്ള തിരിച്ചു വരവ് മുടങ്ങുകയുമായിരുന്നു. കോവിഡ് മൂലം രാജ്യത്തിന് പുറത്ത് കുടുങ്ങി പോയവര്‍ക്ക് ഓണ്‍ലൈനായി റെസിഡന്‍സി പുതുക്കാന്‍ ആഭ്യന്തരമന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നെങ്കിലും വലിയൊരു ശതമാനം ആളുകള്‍ ഇത് പ്രയോജനപ്പെടുത്തിയില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോക്ക്ഡൗൺ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പലര്‍ക്കും ജോലി നഷ്ടമായി. പല ബിസിനസും അടച്ചുപൂട്ടപ്പെട്ടതിനാല്‍ തൊഴിലാളികളെ പൂര്‍ണമായോ ഭാഗികമായോ പിരിച്ചുവിടേണ്ട സ്ഥിതി വന്നു. ഇതെല്ലാം പ്രവാസികളുടെ റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടപ്പെടുന്നതിന് കാരണമായി. അതോടൊപ്പം ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന മാന്‍പവര്‍ അതോറിറ്റിയുടെ ഇടക്കാല തീരുമാനവും ആയിരക്കണക്കിന് ആളുകള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടപ്പെടാന്‍ കാരണമായതായും വിലയിരുത്തപ്പെടുന്നു.

പത്ത് മാസതങ്ങള്‍ക്കു ശേഷം മാന്‍പവര്‍ അതോറിറ്റി തീരുമാനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായെങ്കിലും അപ്പോഴേക്കും ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിസ പുതുക്കാനാവാതെ നാടുകളിലേക്ക് മടങ്ങിയിരുന്നു. സ്വന്തം താത്പര്യപ്രകാരം പ്രവാസം മതിയാക്കി മടങ്ങിയവരും വിവിധ കേസുകളില്‍ പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

സര്‍ക്കാര്‍ ജോലിക്കാര്‍, സ്വകാര്യ ജീവനക്കാര്‍, ആശ്രിത വിസയില്‍ കഴിയുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ബിസിനസുകാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നായാണ് മൂന്നു ലക്ഷത്തിലേറെ പേര്‍ ഈ വര്‍ഷം കുവൈത്ത് വിട്ടതെന്ന് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് പ്രതിസന്ധി രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാക്കിയ സാഹചര്യത്തില്‍ സ്വദേശി വല്‍ക്കരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ഇതുകൂടി പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തൊഴിലില്ലായ്മ രൂക്ഷമായ കുവൈത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ ജോലിക്കായി ആറായിരത്തിലേറെ കുവൈത്ത് പൗരന്‍മാര്‍ വിവിധ മന്ത്രാലയങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 22 മുതലുള്ള കണക്കുകളാണിതെന്ന് കുവൈത്ത് സിവില്‍ സര്‍വസ് കമ്മീഷനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ സ്വദേശികള്‍ക്കിടയില്‍ കോവിഡിന് ശേഷമുണ്ടായിരിക്കുന്ന തൊഴിലില്ലായ്മയുടെ രൂക്ഷത വ്യക്തമാക്കുന്നതാണ് കണക്കുകള്‍. മന്ത്രാലയങ്ങളില്‍ വരുന്ന ഒഴിവുകള്‍ക്ക് അനുസൃതമായി സ്വദേശികളെ നിയമിക്കാനാണ് കമ്മീഷന്റെ തീരുമാനം. അടുത്ത ആഴ്ച മുതല്‍ നിയമനത്തിനുള്ള നടപടികള്‍ ആരംഭിക്കും. കുവൈത്തിലെ 46 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 34 ലക്ഷത്തോളം പേര്‍ വിദേശികളാണെന്നാണ് കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.