![](https://www.nrimalayalee.com/wp-content/uploads/2021/07/Kuwait-Iqama-Renewal-Expats-above-60.png)
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഏഴു തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കില്ലെന്ന് മാന്‍ പവര്‍ അതോറിറ്റി. വ്യവസായം, കൃഷി, മത്സ്യബന്ധനം, ചെറുകിട സംരംഭം, കന്നുകാലി വളര്‍ത്തല്‍, സഹകരണ സംഘം, ഫ്രീ ട്രേഡ് സോണ്‍ എന്നിവയാണ് വിസ മാറ്റത്തിന് വിലക്കുള്ള വിഭാഗങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ ഈ മേഖലകളില്‍ വിസാ മാറ്റത്തിനു താത്കാലിക അനുമതി നല്‍കിയിരുന്നു. എന്നാല്‍ തൊഴില്‍ വിപണിയുടെ ആവശ്യം പരിഗണിച്ച് നല്കിയ താത്കാലിക ഇളവ് ജൂലായ് 15 നു അവസാനിച്ചതായി അതോറിറ്റി വക്താവ് അസീല്‍ അല്‍ മസായിദ് വ്യക്തമാക്കി.
അതിനിടെ കുവൈത്തില്‍ ബിരുദമില്ലാത്തവരുടെ വിസ പുതുക്കുന്നതിന് 60 വയസ്സ് പ്രായപരിധി നിശ്ചയിച്ചതോടെ രാജ്യം വിട്ടത് നാല്പതിനായിരത്തിലധികം പ്രവാസികള്‍. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 42,334 പേര് ഇതിനകം കുവൈത്ത് വിട്ടതായാണ് മാനവശേഷി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസം ഇമില്ലെങ്കിലും തൊഴില്‍ ശേഷിയും പരിചയസമ്പത്തുമുള്ള നിരവധി പേര് തിരിച്ചുപോയത് തൊഴില്‍വിപണിയെ ബാധിച്ചിട്ടുണ്ട്.
2021 ജനുവരി മുതലാണ് പ്രായപരിധി തീരുമാനം പ്രാബല്യത്തിലായത്. 60ന് മേല്‍ പ്രായമുള്ള, ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 2000 ദീനാര്‍ ഫീസ് ഈടാക്കാനാണ് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം. ഉന്നത വിദ്യാഭ്യാസമില്ലാത്തതിനാല്‍ ഇവരില്‍ അധികവും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്.
റെസ്റ്റാറന്റ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരില്‍ അധികപേരും തൊഴിലെടുക്കുന്നത്. ശരാശരി 200 ദീനാര്‍ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് 2000 ദീനാര്‍ കൊടുത്ത് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാകില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഇതിന് പുറമെ നല്‍കണം. ഇതൊക്കെയാണ് നാല്പത്തിനായിരത്തിലേറെ പ്രവാസികളെ കുവൈത്ത് വിടാന്‍ നിര്‍ബന്ധിതരാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല